കൊല്ലം: വേനലിൽ കെടുതികൾക്കിടെ ജില്ലയിൽ ഈ വർഷം ഇതുവരെ പത്തുപേർക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ ജനുവരി 7നാണ് ആദ്യമായി ജില്ലയിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്തത്. ഈ മാസം മൂന്നുപേർ ചികിത്സതേടി. വിരലിൽ എണ്ണാവുന്നവർക്ക് മാത്രമേ രോഗം ബാധിച്ചിട്ടുള്ളുവെങ്കിലും ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
കർഷകർ, കർഷകത്തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, മൃഗങ്ങളെ വളർത്തുന്നവർ എന്നിവർക്ക് രോഗം ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. രോഗം പ്രതിരോധിക്കുന്നതിൽ വ്യക്തിശുചിത്വത്തിനും സാമൂഹ്യശുചിത്വത്തിനും വളരെ പ്രാധാന്യമുണ്ട്. വാസസ്ഥലങ്ങളുടെ ശുചിത്വം ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. രോഗ ലക്ഷണമുള്ളവർ ഉടൻ തന്നെ വൈദ്യസഹായം തേടണം. നേരത്തെ കണ്ടെത്തിയാൽ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാൻ കഴിയും.
ഭയക്കേണ്ട, ജാഗ്രത വേണം
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുള്ള പകർച്ചവ്യാധി
എലി, അണ്ണാൻ, മുയൽ തുടങ്ങിയവ രോഗവാഹകർ
മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കില്ല.
ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്
10 മുതൽ 12 ദിവസം കഴിയുമ്പോൾ രോഗലക്ഷണങ്ങൾ
ചിഗ്ഗർ കടിച്ച ഭാഗം ചുവന്ന് തടിച്ച പാടായി കാണും, പിന്നീട് കറുത്ത വ്രണമാകും
കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങൾ, കഴുത്ത് എന്നിവിടങ്ങളിലാണ് പാടുകൾ
ലക്ഷണങ്ങൾ
വിറയലോടുകൂടിയ പനി
തലവേദന
കണ്ണ് ചുവക്കൽ
കഴലവീക്കം
പേശീവേദന
വരണ്ട ചുമ
ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കും
പാളരുത് പ്രതിരോധം
പുൽച്ചെടികളും മറ്റും വെട്ടിയൊതുക്കി പരിസരം വൃത്തിയാക്കുക
പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം
ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ സംസ്‌കരികണം
ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം
പണി കഴിഞ്ഞെത്തുന്നവർ എത്രയും വേഗം കുളിക്കണം
വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക
രോഗബാധിതർ
ജനുവരി - 4
ഫെബ്രുവരി - 3
മാർച്ച് 22 വരെ - 3
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |