കുളത്തൂപ്പുഴ: സിനിമാ സ്റ്റൈലിലാണ് തമിഴ്നാട്ടിൽ നിന്നുള്ള കൊള്ളക്കാർ കടമാൻപാറയിൽ നിന്ന് ചന്ദനത്തടി കടത്തുന്നത്. കോട്ടവാസലിൽ കേരള അതിർത്തി വനപാതയിലൂടെയാണ് മോഷ്ടാക്കൾ എത്തുന്നത്. തിങ്ങിഞെരുങ്ങിയ വനമായതിനാൽ കൊള്ളക്കാർ ആരുടെയും കണ്ണിൽപ്പെടില്ല.
മരങ്ങൾ വെട്ടാനും ചീവാനുമുള്ള റോപ്പും പലതരം കോടാലികളുമായാണ് സംഘം എത്തുന്നത്. കാട്ടിലൂടെയുള്ള യാത്ര പ്രയാസകരമായതിനാൽ ഒരുതവണ എത്തുമ്പോൾ ദിവസങ്ങളോളം വനത്തിൽ തന്നെ തങ്ങും. പകൽസമയങ്ങളിൽ വലിയ പാറകളുടെ പിന്നിൽ ഒളിച്ചിരിക്കും. വനപാലകർ കാര്യമായി പരിശോധനയ്ക്ക് ഇറങ്ങാത്ത രാത്രി നേരങ്ങളിലാകും മരം മുറിക്കുക. വനപാലകർ പരിശോധനയ്ക്ക് ഇറങ്ങുമ്പോൾ ശ്രദ്ധയിൽപ്പെടാതിരിക്കാൻ മൂട് സഹിതം വെട്ടിയെടുക്കും. ശിഖരങ്ങൾ മുറിച്ച് നീക്കി മണ്ണിൽ കുഴിച്ചിട്ട ശേഷം കരിയില കൊണ്ട് മൂടും.
ചന്ദനത്തടി ചീവി കാതൽ മാത്രമെടുത്ത് ചെറിയ കഷണങ്ങളാക്കിയാണ് അതിർത്തിയിലേക്ക് കൊണ്ടുപോകുന്നത്. വന്നതുപോലെ വനത്തിനുള്ളിലെ ശെന്തുരുണി നദി നീന്തിക്കടന്ന് അതിർത്തിക്ക് സമീപമെത്തും. തൊട്ടടുത്തുള്ള ഇടവഴികളിലൂടെ ചെക്ക് പോസ്റ്റിലെത്താതെ തമിഴ്നാട്ടിലെ പുളിയറ ഭാഗത്ത് എത്തിക്കും. അവിടെ തടി കൊണ്ടുപോകാൻ ഇരുചക്രവാഹനങ്ങളിൽ ക്യാരി ബാഗുകളുമായി ആളെത്തും. മരം മുറിക്കുന്നതും അതിർത്തിയിലെത്തിക്കുന്നതും ചന്ദനക്കൊള്ള റാക്കറ്റിലെ അവസാന കണ്ണികൾ മാത്രമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ചിലപ്പോൾ മുറിച്ച എല്ലാ മരങ്ങളും ചീവി കാതലെടുക്കാൻ സമയം കിട്ടില്ല. അപ്പോൾ അവശേഷിക്കുന്ന മരങ്ങളും ആയുധങ്ങളും മണ്ണിൽ കുഴിച്ചിട്ട ശേഷമാകും സംഘം മടങ്ങുക. കടമാൻപാറ ഭാഗത്ത് മാത്രം ഇപ്പോൾ ആയിരത്തോളം ചന്ദനമരങ്ങളുണ്ടെന്നാണ് വിവരം. ഈ ഭാഗത്ത് ചന്ദനമരങ്ങളുടെ എണ്ണം കുറഞ്ഞു തുടങ്ങിയതോടെയാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |