കൊല്ലം: വിക്ടോറിയ ആശുപത്രിയിൽ ഹൈടെക് കെട്ടിടം നിർമ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാൻ കിഫ്ബി നീക്കം. ജില്ലാ ആശുപത്രിയിൽ വമ്പൻ കെട്ടിട സമുച്ചയം വരുന്ന സാഹചര്യത്തിൽ തൊട്ടുചേർന്നുള്ള വിക്ടോറിയയിൽ കൂടുതൽ തുക ചെലവഴിച്ചുള്ള വികസനം തത്കാലം വേണ്ടെന്ന നിലപാടിലാണ് കിഫ്ബി.
ഒരുവർഷം മുമ്പ് നിർവഹണ ഏജൻസിയായ കെ.എസ്.ഇ.ബി, കിഫ്ബി നിർദ്ദേശിച്ച മാറ്റങ്ങൾ സഹിതം ഡിസൈൻ തയ്യാറാക്കി നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. മൂന്ന് ബ്ലോക്കുള്ള ബഹുനില സമുച്ചയമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി 120 കോടി ചെലവ് വരുന്ന രൂപരേഖയാണ് കെ.എസ്.ഇ.ബി തയ്യാറാക്കിയത്. പിന്നീട് ഒരു ബ്ലോക്ക് മതിയെന്ന് കിഫ്ബി നിർദ്ദേശിച്ചു. ഇതുപ്രകാരം 70 കോടി ചെലവ് വരുന്ന ഏഴുനില കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കി. ഇതിലും മാറ്റങ്ങൾ നിർദ്ദേശിച്ചതോടെ കിഫ്ബിയും കെ.എസ്.ഇ.ബിയും തമ്മിൽ തർക്കം രൂപപ്പെട്ടിരുന്നു. തുടർന്ന് വീണ്ടും ഭേദഗതികളോടെ നൽകിയ രൂപരേഖയിൽ കിഫ്ബി യാതൊരു തീരുമാനവും എടുത്തിട്ടില്ല.
എട്ട് വർഷം മുമ്പാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി വിക്ടോറിയ ആശുപത്രിക്ക് ഹൈടെക് കെട്ടിട സമുച്ചയം പ്രഖ്യാപിച്ചത്. സ്ഥലപരിമിതി മറികടക്കാൻ വിക്ടോറിയ ആശുപത്രിയും ജില്ലാ ആശുപത്രിയും ഒരുമിച്ച് വികസിപ്പിക്കാനായിരുന്നു ആദ്യത്തെ ആലോചന. പിന്നീടാണ് രണ്ട് പ്രത്യേക പദ്ധതികളാക്കിയത്. പുതിയ കെട്ടിട സമുച്ചയങ്ങൾക്കുള്ള പദ്ധതി ഉപേക്ഷിക്കുന്നത് വിക്ടോറിയയിൽ കൂടുതൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള സാദ്ധ്യത ഇല്ലാതാക്കും.
കിഫ്ബിയിൽ സാമ്പത്തിക പ്രതിസന്ധി പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നില്ല പദ്ധതിക്കായി ജനപ്രതിനിധികളുടെ സമ്മർദ്ദമില്ല വിക്ടോറിയയിൽ നിന്നും ആവശ്യം ഉയരുന്നില്ല പരിമിതികളിൽ ഒതുങ്ങി ആശുപത്രി മറ്റ് ചില പുതിയ പദ്ധതികൾക്കായി കൂടുതൽ സമ്മർദ്ദം
ആദ്യം ലക്ഷ്യമിട്ടത്
ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങൾക്കായി ആറുനില കെട്ടിടം
ഓഫീസ് സമുച്ചയം
ഹോസ്റ്റൽ സഹിതമുള്ള മൂന്ന് നില അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്
ലാബ് അടക്കമുള്ള മൂന്ന് നില യൂട്ടിലിറ്റി ബ്ലോക്ക്
ചെലവ്
120 കോടി
പരിഷ്കരിച്ച രൂപരേഖയിൽ
ഏഴ് നിലകളുള്ള ഗൈനക്കോളജി, പീഡിയാട്രിക് ബ്ലോക്ക്
ചെലവ്
70 കോടി
എഴുനില കെട്ടിടത്തിന്റെ രൂപരേഖ കിഫ്ബിക്ക് നൽകിയിട്ടുണ്ട്. തുടർ നടപടികൾ കിഫ്ബിയാണ് സ്വീകരിക്കേണ്ടത്.
കെ.എസ്.ഇ.ബി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |