കൊല്ലം: ഹൃദയരാഗങ്ങളുടെ പാട്ടുകളൊരുക്കിയ സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്ററിന്റെ കുളത്തൂപ്പുഴയിലെ സ്മാരകം ഉദ്ഘാടനം കഴിഞ്ഞിട്ടും അടഞ്ഞു കിടക്കുന്നു. ജന്മനാട്ടിൽ അദ്ദേഹത്തിന് ഉചിതമായ സ്മാരകം വേണമെന്ന സംഗീതപ്രേമികളുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന്
പഞ്ചായത്ത് മുൻകൈയെടുത്താണ് സ്മാരകനിർമ്മാണത്തിന് തുടക്കം കുറിച്ചത്.
2009ൽ പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഗാനഗന്ധർവൻ കെ.ജെ.യേശുദാസാണ് തറക്കല്ലിട്ടത്. 'രാഗസരോവരം' എന്ന പേര് നിർദ്ദേശിച്ചതും അദ്ദേഹമാണ്.
തുറന്നു വച്ച പുസ്തകത്തിൽ ചെല്ലോ എന്ന സംഗീതോപകരണം ചാരിവച്ചിരിക്കുന്ന പോലെയായിരുന്നു അതിന്റെ രൂപകൽപ്പന. ചലച്ചിത്ര സംവിധാനകനും ശില്പിയുമായ രാജീവ് അഞ്ചലിനായിരുന്നു നിർമ്മാണച്ചുമതല. രവീന്ദ്രൻ മാഷ് സംഗീതം നല്കിയ പാട്ടുകൾ ശേഖരിക്കാനും ശ്രവിക്കാനുമുള്ള സൗകര്യം, സംഗീത വിദ്യാലയം, സാംസ്കാരിക കേന്ദ്രം എന്നിവയും ലക്ഷ്യമിട്ടിരുന്നു.
തടസമായി തർക്കങ്ങൾ
സാംസ്കാരിക വകുപ്പിന്റെ 15 ലക്ഷം രൂപയും ശേഷിക്കുന്ന തുക പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു നിർമ്മാണം ആരംഭിച്ചത്.
ഇതിനിടെ ഭരണമാറ്റത്തെ തുടർന്ന് പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം സർക്കാർ അനുമതിയോടെ അടങ്കൽ തുക വർദ്ധിപ്പിച്ചു നിർമ്മാണം പുനരാരംഭിച്ചു. 2009 ൽ ശില്പനിർമ്മാണം പൂർത്തിയായി.
ഇതിനിടെ ഒട്ടേറെ ആരോപണങ്ങളും തർക്കങ്ങളും അന്വേഷണങ്ങളും സ്മാരകനിർമ്മാണത്തിന് തടസമായി.
വിവാദങ്ങൾ
രാഗസരോവരം എന്ന പേരിനോടൊപ്പം രവീന്ദ്രൻ മാസ്റ്റർ എന്നു കൂടി വയ്ക്കാത്തത് ആരുടെ സ്മാരകമാണെന്ന് തിരിച്ചറിയില്ല എന്നാരോപിച്ച് ഒരു വിഭാഗം നേരത്തെ രംഗത്ത് വന്നിരുന്നു. ഇതു സംബന്ധിച്ച് അവർ പട്ടികജാതി കമ്മിഷന് പരാതി കൊടുത്തിട്ടുണ്ട്.
അടങ്കൽ തുക 90 ലക്ഷം
ചെലവായ തുക 75 ലക്ഷം
നിലവിൽ ശില്പം മാത്രമേ പൂർത്തിയായിട്ടുള്ളൂ. രണ്ടു മുറി കെട്ടിടം കൂടി പൂർണമാകാനുണ്ട്.
സഞ്ചാരികളെയും സന്ദേശകരെയും ആകർഷിക്കും വിധം കല്ലടയാറിന്റെ തീരത്ത് ഉദ്യാനവും മറ്റും ഒരുക്കി സ്മാരകമന്ദിരത്തെ ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കാനുള്ള പദ്ധതി ഫണ്ടിന്റെ അപര്യാപ്തയെ തുടർന്ന് മുടങ്ങിയിരിക്കുകയാണ്. മാത്രമല്ല, സ്മാരകം സൂക്ഷിക്കാനും പരിപാലിക്കാനും ജോലിക്കാരെ നിയമിക്കേണ്ടതുണ്ട്. ഇതിന് ഫണ്ട് കണ്ടെത്തിയാൽ മാത്രമേ പൊതുജനങ്ങൾക്കു വേണ്ടി ഇത് തുറന്നു കൊടുക്കാനാകൂ. സന്ദർശകരിൽ നിന്നും ഒരു ചെറിയ തുക പ്രവേശന ഫീസായി വാങ്ങാനും ആലോചനയുണ്ട്.
ലൈലാബീവി
പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |