കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോ. വന്ദനാ ദാസ് കൊല ചെയ്യപ്പെട്ട ദിവസത്തെ അക്രമസംഭവങ്ങളുടെ നിരീക്ഷണ കാമറാ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. ആക്രമണത്തിൽ മാരകമായി പരിക്കേറ്റ വന്ദന, ഹോസ്പിറ്റലിന്റെ പോർച്ചിന് സമീപമെത്തി കുഴഞ്ഞുവീഴുന്ന നിരീക്ഷണ കാമറാ ദൃശ്യങ്ങൾ ഫോറൻസിക് വിദഗ്ദ്ധ ഗോപിക കോടതിയിൽ തിരിച്ചറിഞ്ഞു. ആശുപത്രിയിലെ കാഷ്വാലിറ്റി കൗണ്ടറിന് സമീപത്ത് വച്ച് പ്രതി പൊലീസ് യൂണിഫോമിലുണ്ടായിരുന്ന ആളുടെ തലയിൽ കുത്തി മുറിവേല്പിക്കുന്നതായ ദൃശ്യവും കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ നടന്ന വിസ്താരത്തിൽ സാക്ഷി തിരിച്ചറിഞ്ഞു.
കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്.ജി.പടിക്കൽ, സാക്ഷിയായ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മണിലാലിനെ വിസ്തരിച്ച സമയം കാഷ്വാലിറ്റി കൗണ്ടറിന് സമീപം വച്ച് പ്രതി തന്റെ തലയിൽ ആഞ്ഞ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി മൊഴി നൽകിയിരുന്നു. ഈ മൊഴിയെ ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ കോടതിയിൽ പ്രദർശിപ്പിച്ചത്.
മൂന്ന് ദിവസമായി തുടരുന്ന ഫോറൻസിക് വിദഗ്ദ്ധയുടെ ചീഫ് വിസ്താരം വെള്ളിയാഴ്ചയും തുടരും. വന്ദനയെ ആക്രമിച്ച പ്രതിയെ പൊലീസുകാരും ആംബുലൻസ് ഡ്രൈവറും മറ്റും ചേർന്ന് കീഴടക്കി കൈ കാലുകൾ ബന്ധിച്ച് ഹോസ്പിറ്റലിലെ പോർച്ചിൽ കിടത്തിയിരിക്കുന്ന ദൃശ്യങ്ങളും കോടതിയിൽ പ്രദർശിപ്പിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർക്കൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |