
കൊല്ലം: ജില്ലാ ആശുപത്രിയിലെ മെയിൽ സർജറി വാർഡിലെ ടോയ്‌ലെറ്റുകൾ ഉപയോഗിക്കണമെങ്കിൽ പുറത്തൊരാളെ കാവൽ നിറുത്തണം. വാർഡിലെ അഞ്ച് ടോയ്ലെറ്റുകളിൽ രണ്ടെണ്ണം പൂട്ടിയിട്ടിരിക്കുകയാണ്. തുറന്നുകിടക്കുന്ന രണ്ടെണ്ണത്തിന്റെ വാതിലിന് കുറ്റിയും കൊളുത്തുമില്ല. ഒരെണ്ണത്തിന്റെ വാതിൽ ഇളക്കി മാറ്റിവച്ചിരിക്കുകയാണ്. അഞ്ച് വാതിലുകളിലും നിറയെ തുളകളുമാണ്.
കുറ്റിയും കൊളുത്തിനും പകരം വാതിലുകളിൽ പ്ലാസ്റ്റിക് ചരടുകളാണ് കോർത്തിട്ടിരിക്കുന്നത്. വാതിലിന്റെ പ്ലാസ്റ്റിക് ഫ്രെയിം ഇളകിയിരിക്കുന്നതിനാൽ ചരട് കെട്ടിവയ്ക്കാനും കഴിയില്ല. കെട്ടിയാലും ഏത് നിമിഷവും വാതിൽ ഇളകി വീഴാമെന്നതിനാൽ ആശങ്കയോടെ മാത്രമേ ടോയ്‌ലെറ്റ് ഉപയോഗിക്കാൻ കഴിയൂ.
ടോയ്‌ലെറ്റുകളിൽ യൂറോപ്യൻ ക്ലോസറ്റുകളുണ്ടെങ്കിലും ഒന്നിൽ മാത്രമേ ഫ്ലഷ് പ്രവർത്തിക്കുന്നുള്ളു. ഈ ടോയ്‌ലെറ്റിന്റെ വാതിലാണ് ഇളക്കിമാറ്റിവച്ചിരിക്കുന്നത്. വാതിൽ ചേർത്തുപിടിക്കാൻ ഒരാളെ പുറത്ത് നിറുത്തിയിട്ടാണ് ഈ ടോയ്‌ലെറ്റ് ആളുകൾ ഉപയോഗിക്കുന്നത്.
പുരുഷന്മാരുടെ വാർഡാണെങ്കിലും കൂട്ടിരിപ്പുകാരായ സ്ത്രീകളും ഈ ടോയ്‌ലെറ്റാണ് ഉപയോഗിക്കുന്നത്. കാലിനും കൈയ്ക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പുരുഷന്മാർ കൂട്ടിരിപ്പുകാരായ സ്ത്രീകൾ ടോയ്‌ലെറ്റിൽ പോകുമ്പോൾ അവർക്ക് കാവൽ നിൽക്കേണ്ട ഗതികേടിലാണ്. മേൽക്കൂരയിലെ കോൺക്രീറ്റ് പാളികളും ഇളകിത്തുടങ്ങിയിട്ടുണ്ട്. രോഗികളും കൂട്ടിരിപ്പുകാരും നിരന്തരം പരാതിപ്പെട്ടിട്ടും ടോയ്‌ലെറ്റിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടിട്ടില്ല.
ടോയ്ലെറ്റുകൾക്ക് കുറ്റിയും കൊളുത്തുമില്ല
അകത്ത് കയറണേൽ പുറത്ത് കാവൽ വേണം
വാതിലിൽ നിറയെ തുളകൾ
വാതിൽ തകർന്നിട്ട് മാസങ്ങൾ
പരാതിപ്പെട്ടിട്ടും പരിഹാരം കാണുന്നില്ല
മെയിൽ സർജിക്കൽ വാർഡ്
കിടക്കകൾ - 25
കൂട്ടിരിപ്പുകാർ സഹിതം വാർഡിൽ
50 പേർ
വൈകാതെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ടോയ്‌ലെറ്റുകളുടെ പോരായ്മ പരിഹരിക്കും.
ഡോ. പി.പ്ലാസ
ജില്ലാ ആശുപത്രി സൂപ്രണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |