SignIn
Kerala Kaumudi Online
Friday, 23 October 2026 7.22 PM IST

ശ്രീനാരായണഗുരു ഓപ്പൺ യൂണി... 'പുതിയ മന്ദിരത്തോടൊപ്പം പുതിയ പാലവും നിർമ്മിക്കും '

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് പുതിയ മന്ദിരം വരുന്നതോടൊപ്പം യാത്രാസൗകര്യം മെച്ചപ്പെടുത്താൻ പുതിയൊരു പാലം കൂടി നിർമ്മിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. മന്ദിരം നിർമ്മിക്കുന്നതിനുള്ള മുണ്ടയ്ക്കലിലെ ഭൂമി ഏറ്റെടുപ്പ് നടപടി പൂർത്തിയാക്കി സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

യൂണിവേഴ്‌സിറ്റിക്ക് നെഗോഷ്യബിൾ പർച്ചേസ് പ്രകാരം ഭൂമി വാങ്ങാമെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് നടപടിക്രമങ്ങൾ സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് മുമ്പുതന്നെ നടത്തിയത്. ഭൂമിയുടെ രജിസ്‌ട്രേഷൻ പൂർത്തിയായി. ആദ്യഘട്ടമായി 60,000 സ്‌ക്വയർ ഫീറ്റിൽ കെട്ടിടം നിർമ്മിക്കും. പ്രവേശനകവാടം, ചുറ്റുമതിൽ, റോഡുകൾ, ലാൻസ്‌കേപ്പിംഗ്, ഹരിതവത്കരണം എന്നിവ സജ്ജമാക്കും. ഇതിന് ആവശ്യമായ മാസ്റ്റർ പ്ലാൻ കോഴിക്കോട് എൻ.ഐ.ടി തയ്യാറാക്കും. സർവകലാശാല ആസ്ഥാനം വരുന്നതുമായി ബന്ധപ്പെട്ട് ഇവിടേക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിന് കച്ചിക്കടവ് പാലം കൂടി നിർമ്മിക്കും.

നിലവിൽ 55,000 വിദ്യാർത്ഥികളാണ് ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്. 29 കോഴ്‌സുകൾക്ക് പുറമെ നൈപുണ്യ, ഡിപ്ലോമ പ്രോഗ്രാമുകളും ഉടൻ ആരംഭിക്കും. പഠന കേന്ദ്രങ്ങൾ 35 ആയി ഉയർത്തും. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. കേരളത്തിന് പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ കൂടി പഠനത്തിന് എത്തുമ്പോൾ കൂടുതൽ അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്.

കൊല്ലം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഐ.ടി പാർക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. വരുമാനം കോർപ്പറേഷനുമായി പങ്കുവയ്ക്കുന്ന വിധത്തിലാണ് പദ്ധതി ആലോചിക്കുന്നത്. ഒരു ലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഐ.ടി പാർക്കിന് സമീപം വർക്ക് നിയർ ഹോം ക്യാമ്പസും കൂടി സ്ഥാപിക്കാൻ ആലോചിക്കുന്നതായും ഉപയോഗശൂന്യമായ ഭൂമി ഭാവിതലമുറയ്ക്ക് കൂടി പ്രയോജനകരമാകുന്ന വിധത്തിൽ വിനിയോഗിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എം നൗഷാദ് എം.എൽ.എ, മേയർ ഹണി ബെഞ്ചമിൻ, കളക്ടർ എൻ.ദേവിദാസ്, മുൻ മേയർ പ്രസന്ന ഏണസ്റ്റ്, വൈസ് ചാൻസിലർ ഡോ. വി.പി.ജഗതിരാജ്, രജിസ്ട്രാർ സുനിത, ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. വി.പി.പ്രശാന്ത്, മുൻ സിൻഡിക്കേറ്റ് അംഗം ബിജു മാത്യു, എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സി. അംഗവുമായ പി.സുന്ദരൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പഞ്ചായത്ത് മെമ്പറുമായ ഇരവിപുരം സജീവൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർമാരായ എസ്.സുവർണകുമാർ, അനിൽ മുത്തോടം, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും സൈബർ സേന ജില്ലാ ചെയർമാനുമായ രഞ്ജിത്ത് കണ്ടച്ചിറ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL