
കൊല്ലം: ചെറുപ്പം മുതൽ കണ്ട മോഡലിംഗ് സ്വപ്നങ്ങൾക്ക് നിറം പകരുകയാണ് മാവേലിക്കര പുന്നമൂട് പാട്ടത്തിൽ വീട്ടിൽ അപർണ വേണുഗോപാൽ (34). മൂന്ന് വർഷമായി വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന റാംപ് വാക്കുകളിൽ താരമാണ് അദ്ധ്യാപിക കൂടിയായ അപർണ.
പത്തുവർഷമായി മാവേലിക്കര എം.ജി.എം സ്കൂളിൽ യു.പി വിഭാഗം സോഷ്യൽ സയൻസ് അദ്ധ്യാപികയാണ്. വിവാഹശേഷമാണ് മോഡലിംഗ് രംഗത്തേക്ക് എത്തിയത്. പഠനകാലത്ത് ക്ലാസിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നെങ്കിലും കലാമത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ മോഡലിംഗ് രംഗത്തേക്ക് എത്തിയതോടെ ആത്മവിശ്വാസം വർദ്ധിച്ചു. 2022ൽ എക്സ്പാനിയോ ഇവന്റ്സ് സംഘടിപ്പിച്ച മിസിസ് കേരളയിലാണ് ആദ്യം പങ്കെടുക്കുന്നത്. തുടർന്ന് 2023ൽ എസ്.ആർ ഇവന്റ്സ് നടത്തിയ ഐക്കോണിക് ഫാഷൻ വീക്കിൽ മത്സരിക്കുകയും സെക്കൻഡ് റണ്ണറപ്പാവുകയും ചെയ്തു. തുടർന്ന് കാസ്റ്റാലിക ഇവന്റ്സിന്റെ മത്സരത്തിൽ മിസിസ് ഫോട്ടോജനിക്കായും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനോടകം പ്രമുഖ സ്ഥാപനങ്ങളുടെ മത്സരങ്ങളിലും പങ്കെടുത്തു. അദ്ധ്യാപനത്തിനൊപ്പം ഡിസൈനർ ഷോകളും ചെയ്യുന്നുണ്ട്. ക്ലാസില്ലാത്ത ദിവസങ്ങളിലാണ് ഫോട്ടോഷൂട്ട്. ഷോർട്ട് ഫിലിമുകളിലും സംഗീത ആൽബങ്ങളിലും അഭിനയിച്ചു.
സർപ്രൈസ് നൽകി ആദ്യ റാംപ് വാക്ക്
വീട്ടുകാരെ അറിയിക്കാതെയാണ് ആദ്യ മത്സരത്തിൽ പങ്കെടുക്കാൻ അപേക്ഷിച്ചത്. ഇന്റർവ്യൂ പൂർത്തിയാക്കി സെലക്ഷൻ കിട്ടിയപ്പോൾ ആദ്യം അറിയിച്ചത് ഭർത്താവ് ഉല്ലാസിനെയാണ്. വിവരം അറിഞ്ഞപ്പോൾ പൂർണ പിന്തുണ നൽകി ഉല്ലാസും അപർണയുടെ അമ്മ വിമലയും ഒപ്പം നിന്നു. ഉല്ലാസെടുത്ത ഫോട്ടോയാണ് മത്സരത്തിനായി അപർണ നൽകിയതും.
ആഗ്രഹം തീവ്രമാണെങ്കിൽ എത്രകാലം കഴിഞ്ഞാലും അവസരങ്ങൾ നമ്മളെ തേടിയെത്തും. പരിശ്രമിക്കാനുള്ള മനസാണ് പ്രധാനം.
അപർണ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |