കൊട്ടാരക്കര: ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് മെമ്പർമാർ തമ്മിലടിച്ചു, മൂന്നുപേർക്ക് പരിക്ക്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാതൻ, അംഗങ്ങളായ ബിജോയ്, ഹരികുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണ് മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങളെ തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഇന്നലെ രാവിലെ പഞ്ചായത്ത് മെമ്പർ തേവന്നൂർ ഹരികുമാർ പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ പിൻവലിക്കുന്നതായി സെക്രട്ടറിക്ക് കത്ത് നൽകി. ഇരുപതംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയിലായിരുന്നു പ്രസിഡന്റും വൈസ് പ്രസിഡന്റും തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ബി.ജെ.പി പ്രതിനിധിയായി വിജയിച്ച ഹരികുമാർ പിന്തുണ പിൻവലിച്ചതായി കത്ത് നൽകിയെങ്കിലും അവിശ്വാസ പ്രമേയത്തിലൂടെ മാത്രമേ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കാൻ കഴിയുകയുള്ളു. ഉച്ചക്ക് രണ്ടരയോടെ പഞ്ചായത്ത് കമ്മിറ്റി കൂടാൻ നേരത്തെ നിശ്ചയിച്ചിരുന്നു. കമ്മിറ്റി തുടങ്ങും മുമ്പെ കോൺഗ്രസ് പ്രതിനിധികളായ ബിജോയിയും അനീഷും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ബിജോയ് പ്രസിഡന്റിന്റെ ചേംബറിൽ കയറി തർക്കമുന്നയിച്ചു. വൈസ് പ്രസിഡന്റ് സുജാതനും അനീഷും ഹരികുമാറും ബിജോയിയുമായി തമ്മിലടിച്ചു. മറ്റ് അംഗങ്ങളും പൊലീസും ഇടപെട്ടാണ് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കിയത്. തുടർന്ന് പഞ്ചായത്ത് കമ്മിറ്റി ചേർന്നെങ്കിലും തീരുമാനങ്ങളെടുക്കാതെ പിരിഞ്ഞു.
അവിശ്വാസത്തിന് കളമൊരുങ്ങി
അടുത്തിടെ വിലങ്ങറ വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയത്തോടെ പഞ്ചായത്ത് ഭരണം തുലാസിലായിരുന്നു. നിലവിൽ ഇരുപതംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫ് 10, യു.ഡി.എഫ്- 8, ബി.ജെ.പി- 2 എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് പ്രതിനിധിയായ ഒരംഗം ദുബായിലാണ്. ഹരികുമാർ പിന്തുണ പിൻവലിച്ച് കത്ത് നൽകിയതോടെ പ്രസിഡന്റ് ഷീബ ചെല്ലപ്പനും വൈസ് പ്രസിഡന്റ് സുജാതനുമെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സാദ്ധ്യത ഏറി. കോൺഗ്രസ് പ്രതിനിധികളാണ് നിലവിലുള്ള പ്രസിഡന്റും വൈസ് പ്രസിഡന്റും. അവിശ്വാസ പ്രമേയം പാസായാൽ ഇടത് മുന്നണിക്ക് അധികാരത്തിലെത്താം. ആദ്യ രണ്ടര വർഷം സി.പി.ഐയ്ക്ക് പ്രസിഡന്റ്, സി.പി.എമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ലഭിച്ചിരുന്നു. മുന്നണി ധാരണപ്രകാരം രണ്ടുപേരും സ്ഥാനങ്ങൾ രാജിവച്ച് സി.പി.എമ്മിന് പ്രസിഡന്റ്, സി.പി.ഐയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വച്ചുമാറാനൊരുങ്ങവെയായിരുന്നു ബി.ജെ.പി പിന്തുണയോടെ കോൺഗ്രസ് പ്രതിനിധികൾ വിജയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |