രാത്രികാലങ്ങളിൽ ടാങ്കറിലെത്തി മാലിന്യം തള്ളുന്നു
കൊല്ലം: നീരുറവയ്ക്ക് സമീപത്തെ കക്കൂസ് മാലിന്യ നിക്ഷേപം രൂക്ഷമായിട്ടും അധികൃതർ പരിശോധന ഊർജിതമാക്കുന്നില്ലെന്ന് പരാതി. പെരിനാട് ഗ്രാമ പഞ്ചായത്തിൽ ചെമ്മക്കാട് പുലിക്കുഴി കയർ സംഘത്തിന് സമീപം മാമ്പുഴക്കടവിലെ നീരുറവയ്ക്ക് (തൂമ്പ്) സമീപത്താണ് ടാങ്കറിൽ എത്തിച്ച് കക്കൂസ് മാലിന്യം തള്ളുന്നത്.
പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ തൂമ്പ് ഭാഗത്തുണ്ടായിരുന്ന കാടും പടർപ്പുകളും വെട്ടിത്തെളിച്ചിരുന്നു. തെളിച്ചിരുന്നു. ബാക്കി ഉണ്ടായിരുന്ന കാട് മൂടിയ ഭാഗത്താണ് രാത്രി മാലിന്യം തള്ളിയത്. മഴപെയ്യുമ്പോൾ നീരുറവയിലേക്ക് ഊറ്റിറങ്ങും. പ്രദേശത്തെ ഇരുനൂറ്റിയമ്പതോളം കുടുംബങ്ങളാണ് ഇവിടെ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത്. ദുർഗന്ധം കാരണം ഇവിടേക്ക് അടുക്കാൻ കഴിയാത്ത അവസ്ഥയാണ്. അംബേദ്കർ നഗർ, ചാമവിള തുടങ്ങിയ ഭാഗങ്ങളിൽ കിണറും പൈപ്പ് കണക്ഷനും ഇല്ലാത്ത കുടുംബങ്ങളുടെ അടക്കം ആശ്രയമാണ് ഈ നീരുറവ. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് മുൻപ് പി.എം.കെ.എസ്.വൈയിലൂടെ പെരുമൺ നീർത്തടം നീരുറവ സംരക്ഷണപ്രകാരം 'തൂമ്പി'ൽ 1.05 ലക്ഷം ചെലവാക്കി തൂമ്പ് സംരക്ഷിക്കാൻ ആവശ്യമായി പദ്ധതി നടപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ രണ്ട് ടാങ്കുകൾ പണിതതല്ലാതെ മറ്റൊന്നും ഇവിടെ കാണാനില്ല.
ക്യാമറയില്ല, നിരീക്ഷിക്കാൻ
തൂമ്പിന് സമീപത്തും പുലിക്കുഴി കായൽവാരത്തും നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ തൂൺ ഇട്ടെങ്കിലും പണി പാതിവഴിയിൽ മുടങ്ങി. തെരുവുവിളക്കുകൾ തെളിയാത്തതും ക്യാമറ ഇല്ലാത്തതും മാലിന്യം തള്ളുന്നവർക്ക് സഹായകമാവുകയാണ്. രണ്ട് ദിവസം മുൻപ് കക്കൂസ് മാലിന്യം തള്ളാൻ എത്തിയ ടാങ്കറിന്റെ ദൃശ്യം സമീപത്തെ വീടിന്റെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞെങ്കിലും നമ്പർപ്ലേറ്റ് വ്യക്തമാകാത്തതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. മാലിന്യം തള്ളുന്നവർക്കെതിരെ നടപടി എടുക്കാനോ തൂമ്പിനെ വേണ്ട രീതിയിൽ സംരക്ഷിക്കാനോ പഞ്ചായത്ത് അധികൃതർ മുൻകൈ എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
നിരവധി കുടുംബങ്ങളുടെ ആശ്രയമാണ് തൂമ്പ്. കക്കൂസ് മാലിന്യം തള്ളി കുടിവെള്ളം മുട്ടിക്കുകയാണ്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാനും തൂമ്പ് സംരക്ഷിക്കാനുമുള്ള നടപടി ഉണ്ടാകണം
പ്രസന്ന പയസ് , മെമ്പർ, പെരിനാട് വാർഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |