SignIn
Kerala Kaumudi Online
Friday, 23 October 2026 11.23 AM IST

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവും മാതാവും കുറ്റക്കാർ

 ശിക്ഷ ഇന്ന്

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. വിവാഹം കഴിഞ്ഞ് അഞ്ചര വർഷം മാത്രമായ തുഷാരയെ (28) കൊലപ്പെടുത്തിയ പൂയപ്പള്ളി ചരുവിള വീട്ടിൽ ഭർത്താവ് ചന്തുലാൽ, ഭർതൃ മാതാവ് ഗീത ലാലി എന്നിവരെയാണ് കൊല്ലം അഡിഷണൽ ജില്ലാ ജഡ്ജ് എസ്.സുഭാഷ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷ ഇന്ന് വിധിക്കും.

2013ലായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധന തുകയിൽ കുറവ് വന്ന രണ്ട് ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ നൽകണമെന്ന് പ്രതികൾ തുഷാരയെ കൊണ്ട് രേഖാമൂലം ഒപ്പീടിച്ച് വാങ്ങിയിരുന്നു. എന്നാൽ മൂന്ന് മാസം കഴിഞ്ഞത് മുതൽ തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. തുടർന്ന് തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാനോ കാണാനോ സമ്മതിച്ചിരുന്നില്ല. ഇതിനിടെ തുഷാരയ്ക്ക് രണ്ട് പെൺകുട്ടികൾ ജനിച്ചു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണിച്ചിരുന്നില്ല.

2019 മാർച്ച് 21ന് രാത്രിയിലാണ് തുഷാര മരിച്ചതായി തുഷാരയുടെ പിതാവിനെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ അറിയിച്ചത്. വിവരമറിഞ്ഞ് രാത്രി ഒന്നോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ തുഷാരയുടെ പിതാവും മാതാവും സഹോദരനും ബന്ധുക്കളും മൃതശരീരം കണ്ടപ്പോൾ ശോഷിച്ച രൂപമായിരുന്നു. തുടർന്ന് പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷത്തിലാണ് കൊടുംക്രൂരത വെളിച്ചത്ത് കൊണ്ടുവന്നത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.ബി.മഹേന്ദ്ര ഹാജരായി. ഡി.വൈ.എസ്.പിമാരായ ദിനരാജ്, നാസറുദ്ദീൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സി.പി.ഒമാരായ അജിത്, വിദ്യ എന്നിവരായിരുന്നു പ്രോസിക്യൂഷൻ സഹായികൾ.

മൃതദേഹത്തിന് 21 കിലോഗ്രാം ഭാരം!

പോസ്റ്റ് മോർട്ടത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹത്തിന് വെറും 21 കിലോഗ്രാം മാത്രമായിരുന്നു ഭാരം. ആമാശയത്തിൽ ഭക്ഷണ വസ്തുക്കളുടെ അംശം പോലും ഉണ്ടായിരുന്നില്ല. തൊലി എല്ലിനോട് ചേർന്ന് മാംസം ഇല്ലാത്ത നിലയിലായിരുന്നു. വയർ ഒട്ടി വാരിയെല്ല് തെളിഞ്ഞ് നട്ടെല്ലിനോട് ചേർന്നിരുന്നു.

ശാസ്ത്രീയ തെളിവുകൾക്ക് ഉപരിയായി അയൽക്കാരുടെയും തുഷാരയുടെ മൂന്നര വയസുള്ള മകളുടെ അദ്ധ്യാപികയുടെയും മൊഴികൾ കേസിൽ നിർണായകമായി. കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച ടീച്ചറോട് കിടപ്പ് രോഗിയാണെന്നാണ് ധരിപ്പിച്ചത്. മാത്രമല്ല അമ്മയുടെ പേര് തുഷാര എന്നതിന് പകരം രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണ് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL