കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കാഷ്യു കോർപ്പറേഷന്റെയും സഹകരണ സ്ഥാപനമായ കാപ്പെക്സിന്റെയും കശുഅണ്ടി ഫാക്ടറികൾ അടഞ്ഞിട്ട് ഒരുമാസം പിന്നിടുന്നു. ഫെബ്രുവരിയിൽ എത്തിയ 3000 ടൺ മൊസാംബിക് തോട്ടണ്ടി ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ഫാക്ടറികൾ കഴിഞ്ഞമാസം ആദ്യവാരമാണ് കൂട്ടത്തോടെ അടഞ്ഞത്.
കാഷ്യു ബോർഡ് ഇരു സ്ഥാപനങ്ങൾക്കുമായി 12500 ടൺ തോട്ടണ്ടിയുടെ ഇടപാട് ഉറപ്പിച്ചിട്ടുണ്ടെങ്കിലും ഘട്ടംഘട്ടമായേ എത്തുകയുള്ളു. ഘാനയിൽ നിന്നുള്ള അയ്യായിരത്തിൽ 2700 ടൺ മാത്രമേ ഈമാസം 10ന് തൂത്തുക്കുടി തുറമുഖത്ത് എത്തൂ. ഈ തോട്ടണ്ടി ഫാക്ടറികളിൽ എത്തിച്ച് ഉണക്കിയ ശേഷം സംസ്കരണം ആരംഭിക്കൂ. ഘാനയ്ക്ക് പുറമേ ഇടപാട് ഉറപ്പിച്ചിട്ടുള്ള ഐവറികോസ്റ്റിൽ നിന്നുള്ള 12500 ടൺ തോട്ടണ്ടി ജൂണിലേ എത്തുള്ളൂ. അതുകൊണ്ട് തന്നെ ഈമാസം അവസാനത്തോടെ ഫാക്ടറികൾ തുറന്നാലും ഷെല്ലിംഗ്, ഗ്രേഡിംഗ്, പീലിംഗ് തൊഴിലാളികൾക്ക് തുടർച്ചയായി ജോലി ലഭിക്കില്ല.
സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ സ്വാഹ!
കഴിഞ്ഞ അർദ്ധവർഷത്തിൽ 78 ഹാജർ ലഭിക്കാഞ്ഞതിനാൽ കാഷ്യു കോർപ്പറേഷനിലെയും കാപ്പെക്സിലെയും പതിനയ്യായിരത്തോളം തൊഴിലാളികൾക്ക് ഈ അർദ്ധവർഷത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭിക്കില്ല. കഴിഞ്ഞ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ഹാജർ അടിസ്ഥാനമാക്കിയാണ് ഏപ്രിൽ മുതൽ സെപ്തംബർ വരെ ആനുകൂല്യം ലഭിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ മുന്നോട്ടുപോയാൽ അടുത്ത അർദ്ധവർഷവും ആനുകൂല്യം ലഭിക്കില്ല. തുറന്ന് പ്രവർത്തിക്കുമ്പോഴും ഓരോ വിഭാഗത്തിനും പത്തിൽ താഴെ തൊഴിൽ ദിനങ്ങൾ മാത്രമാണ് ഓരോമാസവും ലഭിക്കുന്നത്.
പ്രവർത്തിക്കാനുള്ള തോട്ടണ്ടിയില്ല
തോട്ടണ്ടി എത്തുക ഘട്ടംഘട്ടമായി
ഹാജർ ഉറപ്പാക്കാനാകുന്നില്ല
പ്രവർത്തിക്കുമ്പോഴും 10ൽ താഴെ ഹാജർ
എല്ലാ വിഭാഗത്തിനും ഒരുമിച്ച് തൊഴിലില്ല
കാഷ്യു കോർപ്പറേഷൻ ഫാക്ടറികൾ- 30
തൊഴിലാളികൾ- 15000 (ഏകദേശം)
കാപ്പെക്സ് ഫാക്ടറികൾ- 10
തൊഴിലാളികൾ- 5000 (ഏകദേശം)
സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് - 78 ഹാജർ
12500 ടൺ തോട്ടണ്ടിയുടെ ഇടപാട് കഴിഞ്ഞമാസം ഉറപ്പിച്ചിരുന്നു. അത് ഈമാസം 10 മുതൽ ഘട്ടംഘട്ടമായി എത്തും.
കാഷ്യു ബോർഡ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |