SignIn
Kerala Kaumudi Online
Friday, 23 October 2026 9.25 PM IST

54 വർഷത്തിന് ശേഷം സിവിലിയൻ മോക്ഡ്രിൽ  ജില്ലയിൽ 14 കേന്ദ്രങ്ങളിൽ

കൊല്ലം: പാക് അതിർത്തിയിലെ സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ 54 വർഷത്തിന് ശേഷം ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിന് മോക് ഡ്രിൽ സംഘടിപ്പിച്ചു. ജില്ലയിലെ 11 ഫയർ സ്റ്റേഷനുകളിലായി സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ 14 കേന്ദ്രങ്ങളിലാണ് മോക്‌ഡ്രിൽ നടത്തിയത്.

ജില്ലയിൽ സിവിൽ ഡിഫൻസ് അംഗങ്ങൾ ഉൾപ്പടെ ആകെ 600 ഓളം പേർ പങ്കെടുത്തു. വൈകിട്ട് 4ന് അലേർട്ട് സയറൺ മൂന്നുവട്ടം ശബ്ദിച്ചതോടെയാണ് മോക്ക് ഡ്രിൽ ആരംഭിച്ചത്. 4.28ന് സുരക്ഷിതം (ഓൾ ക്ലിയർ) എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങിയതോടെയാണ് അവസാനിച്ചത്.

കടപ്പാക്കട ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ വാളത്തുംഗൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റേഷൻ ഓഫീസർ എ.മനു നേതൃത്വം നൽകി. സിവിൽ ഡിഫൻസിലെ 28 പേരും ഫയർ സ്റ്റേഷനിലെ എഴ് ഉദ്യോഗസ്ഥരും അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. ഈ യൂണിറ്റിലെ നാല് വാഹനങ്ങളും ഒരു ആംബുലൻസും സജ്ജമാക്കിയിരുന്നു.

എയർ വാണിംഗ് ലഭിച്ചതോടെ ജില്ലയിലെ കേന്ദ്രങ്ങളിൽ സൈറൺ മുഴങ്ങി. തുടർന്ന് ഈ കേന്ദ്രങ്ങളിൽ ലൈറ്റ് ഓഫ് ചെയ്യുകയും ഇവിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി മുന്നറിയിപ്പ് നൽകുകയും ചെയ്തു. തീപിടിത്തമോ മറ്റോ ഉണ്ടായാൽ ഏതു തരത്തിൽ ആളുകളെ ഒഴിപ്പിക്കണം, ആശുപത്രിയിലേക്ക് മാറ്റുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് മോക്ഡ്രില്ലിന്റെ ഭാഗമായി നടന്നത്. വൈദ്യുതി ബന്ധം, ഫോൺ സിഗ്‌നലുകൾ എന്നിവ തകരാറിലായാൽ എന്തൊക്കെ ചെയ്യും തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിശോധിച്ചു.

പാരിപ്പള്ളി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റ്, ചവറ കെ.എം.എം.എൽ, തെന്മല ഡാം, ശാസ്താംകോട്ട ജല ശുദ്ധീകരണശാല, കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ, പത്തനാപുരം പഞ്ചായത്ത് ഷോപ്പിംഗ് മാൾ എന്നിവിടങ്ങളിൽ ബ്ലാക്ക് ഔട്ട്, എയർ റെയ്ഡ്, ഒഴിപ്പിക്കൽ, രക്ഷപ്രവർത്തനം, അഗ്നിശമനം ഉൾപ്പെടെയുള്ള ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ താത്കാലിക ആശുപത്രി സജ്ജീകരിക്കുകയും മരുന്നുകൾ, ഡോക്ടർമാർ ഉൾപ്പടെയുള്ള സേവനങ്ങൾ ഉറപ്പാക്കയും ചെയ്തു. 1971ൽ പാകിസ്ഥാനുമായുള്ള യുദ്ധത്തിന് മുന്നോടിയായാണ് കേരളത്തിൽ നേരത്തേ ഇത്തരത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL