കൊല്ലം: രാജ്യം ആഗ്രഹിച്ചതുപോലെ ഇന്ത്യൻ സൈന്യം നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' യുവ ഹൃദയങ്ങളിൽ രാജ്യസ്നേഹം കൂടുതൽ ജ്വലിപ്പിച്ചിരിക്കുകയാണ്. ഈ തിരിച്ചടി രാജ്യത്തിന്റെ അഭിമാനത്തിന് അനിവാര്യമായിരുന്നുവെന്ന് അവർ പറയുന്നു. നിരപരാധികളെ മുറിവേൽപ്പിക്കാതെ ഭീകരരെ കൊന്നൊടുക്കിയ നടപടി മാതൃകയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഓപ്പറേഷന് പ്രധാനമന്ത്രി നിർദ്ദേശിച്ച സിന്ദൂർ എന്ന പേരും യുവഹൃദയങ്ങളെ വല്ലാതെ സ്പർശിച്ചുവെന്നും അവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
ഓപ്പറേഷൻ സിന്ദൂർ എല്ലാ ഭാരതീയരുടെയും ഹൃദയത്തിൽ സമാധാനവും ആത്മവിശ്വാസവും നിറച്ചിരിക്കുകയാണ്. രാജ്യമാകെ കാത്തിരുന്ന തിരിച്ചടിയാണിത്. ഇന്ത്യയിൽ ഒരു ആക്രമണം നടത്തുന്നതിന് പാക്കിസ്ഥാൻ ഇനി മുന്നോട്ട് വരാൻ പാടില്ല.
ക്രിസ്റ്റീന, വിദ്യാർത്ഥിനി, ശാസ്താംകോട്ട
ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിനുള്ള തക്കതായ മറുപടിയാണ്. ഇന്ത്യയിലെ അനേക സ്ത്രീകളെ വിധവകളാക്കി അവരുടെ സിന്ദൂരം മാഞ്ഞതിന് കാരണക്കാരായവർക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ കൊടുത്ത മറുപടിക്ക് സൈന്യത്തിന് അഭിനന്ദനങ്ങൾ.
അശ്വനി, വിദ്യാർത്ഥിനി, ശാസ്താംകോട്ട
രക്തച്ചൊരിച്ചിൽ ഒരിക്കലും ഒന്നിനും പരിഹാരമല്ല. പക്ഷെ ഓപ്പറേഷൻ സിന്ദൂർ അനിവാര്യമായിരുന്നു. രണ്ട് വനിതകളാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. സ്ത്രീകളുടെ സിന്ദൂരം മായിച്ചവർക്ക് സ്ത്രീകളുടെ നേതൃത്വത്തിൽ തിരിച്ചടി നൽകി.
നന്ദന, വിദ്യാർത്ഥി, കരുനാഗപ്പള്ളി
മതം ചോദിച്ച് കൊലപ്പെടുത്തി രാജ്യത്ത് മതപരമായ വിഭജനം നടത്താൻ പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തിന് എതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ അഭിമാനം തോന്നുന്നു. ഭീകരവാദികളുടെ ലക്ഷ്യം ഭാരതം ഒറ്റക്കെട്ടായി അട്ടിമറിച്ചു.
കല്യാണി.എസ്.പിള്ള, ബിരുദ വിദ്യാർത്ഥി, എസ്.എൻ കോളേജ്, കൊല്ലം
പഹൽഗാം ഭീകരാക്രമണത്തിന് ശേഷവും പ്രകോപനപരമായ പല നീക്കങ്ങളും പാകിസ്ഥാൻ നടത്തിയിട്ടും ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ മാതൃകയാണ്.നമുക്കും വേണമെങ്കിൽ അവരെ പോലെ വലിയൊരാക്രമണം അഴിച്ചു വിടാമായിരുന്നു.
ശിവാനി മഹേഷ്, വിദ്യാർത്ഥിനി, രാമൻകുളങ്ങര
ഓപ്പറേഷൻ സിന്ദൂറിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ട്. അതേ നാണയത്തിലുള്ള തിരിച്ചടിയാണ് നൽകിയത്. എല്ലാ ഇന്ത്യക്കാരും ആഗ്രഹിച്ച മറുപടിയാണ് പാകിസ്ഥാന് നൽകിയത്. ഒരു സാധാരണക്കാരന്റെ പോലും ജീവൻ നഷ്ടമായിട്ടില്ല.
സൂര്യ സുനിൽകുമാർ, നഴ്സ്, വള്ളിക്കീഴ്
ഭാരതീയരുടെ ഹൃദയം സമീപകാലത്ത് ഏറ്റവുമധികം അഭിമാനപൂരിതമായ ദിവസമായിരുന്നു ഇന്നലെ. ഇങ്ങനെയൊരു പ്രത്യാക്രമണം ലോക ചരിത്രത്തിൽ തന്നെ അപൂർവമായിരിക്കും. ഈ ഓപ്പറേഷൻ ഇന്ത്യക്കാരുടെ മനസിൽ രാജ്യസ്നേഹം കൂടുതൽ ജ്വലിപ്പിക്കും.
ആർ.ആർച്ച, കാവനാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |