കൊല്ലം: കുറച്ച് ദിവസമായി ഇടവിട്ട് പെയ്യുന്ന മഴയിലും കാറ്റിലും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുകളായി ജില്ലയുടെ പല ഭാഗങ്ങളിൽ തോരാതെ പെയ്യുന്ന മഴയിൽ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മൈനാഗപ്പള്ളി തേവലക്കര ഭാഗത്ത് കലുങ്ക് പുനർനിർമ്മിക്കുന്നിടത്തും ദേശീയ
പാത നിർമ്മാണം നടക്കുന്ന ചാത്തന്നൂർ തിരുമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കട്ട് രൂപപ്പെട്ടു. ദേശീയപാത നിർമ്മാണം നടക്കുന്നിടങ്ങളിൽ പലയിടത്തും ഇതാണ് അവസ്ഥ. ആശ്രാമം ബസ് സ്റ്റോപ്പ്, ക്യാമ്പിന് സമീപത്തെ ബസ് സ്റ്റോപ്പ്, വീ പാർക്ക്, പീരങ്കി മൈതാനം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു.
റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പലയിടങ്ങളിലും ഭാഗീകമായി ഗതാഗത തടസപ്പെട്ടു. കഴിഞ്ഞ 19ന് രാത്രിയോടെ പത്തനാപുരം നാരങ്ങാപുരത്ത് പ്ലാവ് ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് ഒടിഞ്ഞുവീണ് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലായി. കടയ്ക്കൽ കോട്ടപ്പുറം റോഡിൽ ഇന്നലെ ഉച്ചയോടെ റബർ മരം ഒടിഞ്ഞുവീണു. കടയ്ക്കൽ കാര്യത്ത് ഇന്നലെ വൈകിട്ടോടെ മരം കടപുഴകി. നിലവിൽ അടിയന്തര സാഹചര്യം നേരിടാൻ എല്ലാ ഒരുക്കങ്ങളും ജില്ലയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി.
വിളിക്കേണ്ട നമ്പർ
വൈദ്യുതി ലൈൻ അപകടം- 1056
കളക്ടറേറ്റ് കൺട്രോൾ റൂം -1077, 0474-2794002, 9447677800
കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |