കൊല്ലം: അഷ്ടമുടി കായൽ സംരക്ഷണത്തിന് അഷ്ടമുടി വെറ്റ്ലാൻഡ് അതോറിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് പരിസ്ഥിത വകുപ്പിന് ശുപാർശ നൽകാൻ ഉന്നതതല ധാരണ. അഷ്ടമുടി കായൽ കേസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഹർജി കക്ഷികളെ പങ്കെടുപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ വിളിച്ചുചേർത്ത വിവിധ സർക്കാർ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് ധാരണയായത്.
പരിസ്ഥിതി വകുപ്പ് ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേർന്ന്, റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ ഹാജരാക്കണം. സ്റ്റേറ്റ് വെറ്റ്ലാൻഡ് അതോറിറ്റി ഉള്ളതിനാൽ അഷ്ടമുടി വെറ്റ്ലാൻഡ് അതോറിറ്റി വേണ്ടെന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് ഹർജികക്ഷികളായ അഡ്വ. ബോറിസ് പോൾ, പീറ്റർ പ്രദീപ് എന്നിവരാണ് യോഗത്തിൽ ആവശ്യപ്പെട്ടത്. കായൽ അതിർത്തി സംരക്ഷിക്കാള്ള സാങ്കേതിക പരിജ്ഞാനം കൊല്ലം കോർപ്പറേഷന് ഇല്ലാത്തതിനാൽ, അക്കാര്യത്തിൽ സഹായം ലഭ്യമാക്കാൻ ബയോ ഡൈവേഴ്സിറ്റി ബോർഡ്, സ്റ്റേറ്റ് വെറ്റ്ലാൻഡ് അതോറിറ്റി എന്നീ സ്ഥാപനങ്ങളെ സമീപിക്കാൻ കളക്ടറെ ചുമതലപ്പെടുത്തി.
കളക്ടർ എൻ.ദേവിദാസ്, മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി എം.ഷീല, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ മുഹമ്മദ് ഹുവൈസ്, കൊല്ലം കോർപ്പറേഷൻ സെക്രട്ടറി ഡി.സാജു, പരിസ്ഥിതി വകുപ്പ് അഡിഷണൽ സെക്രട്ടറി സന്തോഷ് കുമാർ, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ കെ.അനിൽ കുമാർ, ഹർജികക്ഷികളായ അഡ്വ. ബോറിസ് പോൾ, ഹെൽപ്പ് ഫൗണ്ടേഷൻ സി.ഇ.ഒ പീറ്റർ പ്രദീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മറ്റ് തീരുമാനങ്ങൾ
കൈയേറ്റം ഒഴിപ്പിച്ചിടത്ത് കായൽ പുനഃസ്ഥാപിക്കണം
ഒഴിപ്പിച്ചിടത്ത് കണ്ടൽ കാടുകൾ കൊണ്ട് അതിർത്തി
കണ്ടൽ വച്ചുപിടിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതി
കൈയേറ്റ കേസുകളിലെ സ്റ്റേ ഒഴിവാക്കാൻ നടപടി
കോർപ്പറേഷന്റെ വാദം
80 ശതമാനം കൈയേറ്റം ഒഴിപ്പിച്ചെന്ന് കളക്ടർ
മാലിന്യം തടയാനുള്ള നടപടികൾ ത്വരിതഗതിയിൽ
മാലിന്യ നിക്ഷേപം തടയാൻ നൈറ്റ് സ്ക്വാഡ്
170 പോർട്ടബിൾ സെപ്ടിക് ടാങ്ക് വിതരണം ചെയ്യും
150 കണ്ടൽ വനങ്ങൾ ഒരുക്കും
ഹർജിക്കാരുടെ വാദം
കൈയേറ്റം ഒഴിപ്പിക്കൽ അപൂർണം
നികത്തിയ കായൽ പുനഃസ്ഥാപിക്കാനുണ്ട്
ഒഴിപ്പിക്കൽ രേഖയിൽ മാത്രം
ഒഴിപ്പിച്ച ഭൂമി കൈയേറ്റക്കാർ ഉപയോഗിക്കുന്നു
മാലിന്യം നിർബാധം കായലിലേക്ക്
സ്റ്റേ ഉത്തരവുകൾ നീക്കാൻ നടപടിയില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |