SignIn
Kerala Kaumudi Online
Friday, 23 October 2026 4.12 PM IST

സംയുക്ത പരിശോധനകൾ ശക്തമാക്കും: കളക്ടർ

കൊല്ലം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന ശക്തമാക്കുമെന്ന് കളക്ടർ എൻ.ദേവിദാസ്. എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശാക്തീകരിക്കുന്നതിനായി കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല മേധാവികളുടെ സംയുക്ത യോഗത്തിൽ വിവിധ വകുപ്പുകൾക്ക് നടപടികൾ സ്വീകരിക്കുന്നതിന് നിർദേശം നൽകി.

വ്യാജമദ്യം, മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവയുടെ വിപണനം, ഉപയോഗം തടയുന്നതിന് എക്‌സൈസ്‌-പൊലീസ് സംയുക്ത സ്‌ക്വാഡുകൾ പരിശോധന നടത്തും. 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് കൺട്രോൾ റൂം നമ്പറുകളായ 0474 2745648, 9447178054, 9496002862 എന്നിവയിൽ പരാതികൾ അറിയിക്കാം. പൊലീസ്, എക്‌സൈസ്, വനംവകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത റെയ്ഡുകളും വാഹന പരിശോധനയും ഊർജിതമാക്കും.

അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ബോർഡർ പട്രോളിംഗ് സംഘം പരിശോധന നടത്തും. റെയിൽവേ സ്‌റ്റേഷൻ, പാഴ്‌സൽ ഓഫീസുകൾ, ഹോംസ്‌റ്റേ, റിസോർട്ടുകൾ, ഹൗസ് ബോട്ടുകൾ, സ്‌കൂൾ, കോളജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കാനും നിർദേശിച്ചു.

ഉത്സവകാലത്തെ വിലവർദ്ധനവും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ്, തഹസീൽദാർമാർ എന്നിവരുടെ സ്‌ക്വാഡുകളെയാണ് പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയത്. വ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് കടകളിലെയും അളവ് തൂക്ക ഉപകരണങ്ങളിലെ വെട്ടിപ്പ്, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, കൃത്രിമവിലക്കയറ്റം, മായംചേർക്കൽ എന്നിവ ഇല്ലെന്ന് ഉറപ്പാക്കണം. പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, മാലിന്യനിർമാർജ്ജന വിഷയങ്ങളിൽ ആരോഗ്യം, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ നടപടി സ്വീകരിക്കണം.

ഗതാഗത നിയമങ്ങൾ പാലിക്കാതെ മദ്യപിച്ചും അമിതവേഗത്തിൽ അശ്രദ്ധയോടെ വാഹനം ഓടിക്കുന്നവർക്കെതിരെയും ആർ.ടി.ഒ കർശന നടപടികൾ സ്വീകരിക്കണം. വനമേഖല കേന്ദ്രീകരിച്ചുള്ള വ്യാജമദ്യനിർമ്മാണം, വനാതിർത്തികൾ വഴിയുള്ള ലഹരികടത്ത് തടയുന്നതിന് വനം വകുപ്പ് ക്രമീകരണങ്ങൾ നടത്തും. ആഘോഷദിനങ്ങളിൽ ബീച്ചിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ ലൈഫ് ഗാർഡുമാരെ നിയോഗിക്കാനും സിവിൽ ഡിഫൻസ് വൊളണ്ടിയേഴ്‌സിന്റെ സേവനം വിനിയോഗിക്കാനും തീരുമാനിച്ചു. എ.ഡി.എം ജി.നിർമൽകുമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL