SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ആത്മവിശ്വാസത്തോടെ പരീക്ഷാഹാളിലേക്ക്

കൊല്ലം: ആവർത്തിച്ച് പഠിച്ച് ആശങ്കകളില്ലാതെ വിദ്യാ‌ർത്ഥികൾ ഇന്ന് പരീക്ഷാഹാളിലേയ്ക്ക്. ജില്ലയിൽ 28940 വിദ്യാർത്ഥികളാണ് പത്താം ക്ളാസ് പരീക്ഷ എഴുതുന്നത്. ഇതിൽ 14673 പേർ ആൺകുട്ടികളും 14267 പേർ പെൺകുട്ടികളുമാണ്.

കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ 15390, കൊട്ടാരക്കരയിൽ 7340, പുനലൂർ 6210 വിദ്യാർത്ഥികൾ വീതം പരീക്ഷയെഴുതും. മൂന്ന് വിദ്യാഭ്യാസ ജില്ലകളിലുമായി 228 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. കൊല്ലം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ- 111. കുറവ് കേന്ദ്രങ്ങളുള്ളത് പുനലൂർ വിദ്യാഭ്യാസ ജില്ലയിലാണ്-53.

ഇന്ന് രാവിലെ 6.30 ഓടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർ ട്രഷറികളിൽ നിന്നും ബാങ്കുകളിൽ നിന്നും ചോദ്യപേപ്പറുകൾ ശേഖരിച്ച് രാവിലെ 8.30ന് മുമ്പായി പൊലീസിന്റെ സുരക്ഷാ അകമ്പടിയോടെ സ്കൂളുകളിൽ എത്തിക്കും. പരീക്ഷാനടത്തിപ്പിനായി ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ എന്നിവരെ നിയമിച്ചു. ചോദ്യ പേപ്പർ പരീക്ഷാദിവസങ്ങളിൽ കേന്ദ്രങ്ങളിലെത്തിക്കാനും പരീക്ഷാ മോണിറ്ററിംഗിനായി വിദ്യാഭ്യാസ ജില്ലാ തല പ്രത്യേക സ്ക്വാഡുകളും രൂപീകരിച്ചു.

ഐ.ടി പരീക്ഷ നേരത്തെ പൂർത്തിയായതിനാൽ ഒമ്പത് പരീക്ഷകളാണ് നടക്കാനുള്ളത്. ഇന്ന് രാവിലെ മലയാളം പരീക്ഷയോടെ തുടങ്ങി 30ന് ബയോളജി പരീക്ഷയോടെയാണ് പത്താംക്ലാസ് പരീക്ഷകൾ അവസാനിക്കുക. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

പ്ലസ് വൺ പരീക്ഷയും ഇന്നുമുതൽ

ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലസ് വൺ 26308, പ്ലസ് ടു 29545, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ 4,500, പ്ലസ് ടു 4,000 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുക. പ്ലസ് വൺ വിഭാഗത്തിന് ഉച്ചയ്ക്കും പ്ലസ്ടുവിന് രാവിലെയുമാണ് പരീക്ഷ. പ്ലസ് വൺ പരീക്ഷകൾ ഇന്ന് മുതൽ 27 വരെയും പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ 28 വരെയുമാണ് നടക്കുക.

വെയിലത്ത് വാടാതിരിക്കാൻ

വേനലായതിനാൽ എല്ലാം സൗകര്യങ്ങളും ഒരുക്കിയാണ് സ്കൂളുകൾ പരിക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികളെ വരവേൽക്കുന്നത്. നിർജ്ജലീകരണം തടയാൻ പരീക്ഷാകേന്ദ്രങ്ങളിൽ ശുദ്ധജലലഭ്യത ഉറപ്പാക്കണമെന്ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു. കുടിവെള്ളം കൈയിൽ കരുതണമെന്ന നിർദ്ദേശം അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. ഗുരുതര രോഗങ്ങളുള്ളവർക്ക് അടിയന്തര ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കും.

എസ്.എസ്.എൽ.സി

വിദ്യാഭ്യാസ ജില്ല, പരീക്ഷാ കേന്ദ്രങ്ങൾ, വിദ്യാർത്ഥികൾ

കൊല്ലം, 111, 15390

കൊട്ടാരക്കര, 64, 7340
പുനലൂർ, 53, 6210

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL