SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

പാചകവാതക ക്ഷാമം, പാരിപ്പള്ളി ഗ്യാസ് പ്ലാന്റിൽ എൽ.പി.ജി നീക്കം ഇടിഞ്ഞു

lpg

കൊല്ലം: പാചകവാതക ക്ഷാമം രൂക്ഷമാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാരിപ്പള്ളി പ്ലാന്റിൽ എൽ.പി.ജി നീക്കം ഇടിഞ്ഞു. വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കലും വിതരണവും ഇവിടെ പൂർണമായും നിറുത്തിവച്ചു. നേരത്തെ 120 ലോഡ് സിലിണ്ടറുകൾ വിതരണം ചെയ്തിരുന്ന പ്ലാന്റിൽ ഇപ്പോൾ ശരാശരി 75 ലോഡ് മാത്രമാണ് വിതരണം ചെയ്യുന്നത്.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പാരിപ്പള്ളി പ്ലാന്റിൽ നിന്നാണ് എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്യുന്നത്. പാരിപ്പള്ളി പ്ലാന്റിൽ ഇപ്പോൾ ഗാർഹിക സിലിണ്ടറുകൾ മാത്രമാണ് നിറച്ച് വിതരണം ചെയ്യുന്നത്. നേരത്തെ 120 ലോഡ് വിതരണം ചെയ്യുമ്പോൾ അതിൽ 30 ലോഡ് വാണിജ്യ സിലിണ്ടറായിരുന്നു. ഗാർഹിക സിലിണ്ടറുകളുടെ വിതരണവും പ്രതിദിനം ശരാശരി 15 ലോഡ് ഇടിഞ്ഞിട്ടുണ്ട്. ഒരു ലോഡിൽ 320 സിലിണ്ടറുകളാണ് കയറ്റുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ തൂത്തുക്കുടി, മംഗലാപുരം, കൊച്ചി പ്ലാന്റുകളിൽ നിന്നാണ് ഇവിടേക്ക് ടാങ്കർ ലോറികളിൽ എൽ.പി.ജി എത്തിക്കുന്നത്. ലഭിക്കുന്ന എൽ.പി.ജിയുടെ അളവ് കുറഞ്ഞതോടെയാണ് പാരിപ്പള്ളി പ്ലാന്റിൽ വിതരണവും ഇടിഞ്ഞത്.

ലോഡെത്തുന്നത് കുറഞ്ഞു

 വിതരണം ഇടിഞ്ഞത് നാല് ദിവസം മുമ്പ്
 നേരത്തെ 120 ലോഡ് വിതരണം
 ഇപ്പോൾ വിതരണം 75 ലോഡ്
 വാണിജ്യ സിലിണ്ടർ വിതരണം നിറുത്തി
 ഗാർഹിക സിലിണ്ടർ വിതരണവും ഇടിയും

ചായയ്ക്ക് വലിയവില

വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ പല ചായക്കടകളിലും ചായ കച്ചവടം നിറുത്തി. കച്ചവടം തുടരുന്ന ചായക്കടകളിൽ വില 15 രൂപയായി ഉയർന്നു. നേരത്തെ 10 മുതൽ 12 രൂപ വരെയായിരുന്നു വില. ചായക്കടകളിൽ ഒരു വാണിജ്യ സിലിണ്ടർ എട്ട് മുതൽ 15 ദിവസം വരെ ഉപയോഗിക്കുമായിരുന്നു. ചായക്കടകളിൽ ഉപയോഗിച്ചിരുന്ന ഗാർഹിക സിലിണ്ടർ കഴിഞ്ഞ ദിവസങ്ങളിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി പിടിച്ചെടുത്തിരുന്നു. തുറന്ന് പ്രവർത്തിക്കുന്ന ഇടത്തരം ഹോട്ടലുകളിലും ചായ വില 20 രൂപ വരെയായിട്ടുണ്ട്.

സി.എൻ.ജിക്ക് ക്ഷാമമില്ല

വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന സി.എൻ.ജിക്ക് ക്ഷാമമില്ലെന്ന് ജില്ലയിലെ സിറ്റി ഗ്യാസ് വിതരണ കമ്പനിയായ തിങ്ക് ഗ്യാസ് അറിയിച്ചു. വിലയിലും മാറ്റം വന്നിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL