SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.48 AM IST

രാഷ്ട്രീയം, വികസനം, വിവാദം: ആര് നേടും കൊട്ടാരക്കര

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര ശ്രദ്ധേയ മണ്ഡലമാണ്. ധനമന്ത്രി കെ.എൻ.ബാലഗോപാലും ഇടത് പാളയത്തിൽ നിന്ന് കോൺഗ്രസിലെത്തിയ പി.അയിഷാപോറ്റിയും കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ ആർ.രശ്മിയും തമ്മിലാണ് കടുത്ത പോരാട്ടം.

കശുഅണ്ടി, കർഷക, കരിങ്കൽ, മണൽ തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മണ്ഡലമാണിത്. ചെറുതും വലുതുമായ ബിസിനസ് സംരംഭകരും ഏറെയുണ്ട്. രാഷ്ട്രീയമായി ഇടതുപക്ഷത്തിന് അനുകൂലമാണ് കൊട്ടാരക്കര. കൊട്ടാരക്കര നഗരസഭയിലും മൈലം, കുളക്കട, വെളിയം, കരീപ്ര ഗ്രാമപഞ്ചായത്തുകളിലും ഇടത് മുന്നണി ഭരണമാണ്.

എഴുകോൺ, ഉമ്മന്നൂർ പഞ്ചായത്തുകളുടെ ഭരണം കോൺഗ്രസിനും നെടുവത്തൂർ പഞ്ചായത്ത് ബി.ജെ.പിക്കുമാണ്. ഉമ്മന്നൂരിൽ ഭാഗ്യപരീക്ഷണത്തിലൂടെയാണ് കോൺഗ്രസിന് ഭരണം ലഭിച്ചത്. നെടുവത്തൂരിൽ ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാഞ്ഞിട്ടും ബി.ജെ.പി അധികാരത്തിലെത്തിയതുമാണ്.

മുൻ മുഖ്യമന്ത്രി സി.അച്യുതമേനോനും ഇ.ചന്ദ്രശേഖരൻ നായരും ആർ.ബാലകൃഷ്ണ പിള്ളയുമൊക്കെ പ്രതിനിധീകരിച്ച മണ്ഡലമാണ് കൊട്ടാരക്കര. ആർ.ബാലകൃഷ്ണ പിള്ളയെ സി.പി.എം 2006ൽ മുട്ടുകുത്തിച്ചത് പി.അയിഷാപോറ്റിയെ കളത്തിലിറക്കിയാണ്. അതേ അയിഷാപോറ്റി ഇത്തവണ എതിർ പാളയത്തിലാണെന്നതാണ് കൂടുതൽ ശ്രദ്ധേയം. മന്ത്രി കെ.എൻ.ബാലഗോപാൽ മണ്ഡലത്തിൽ അഞ്ചുവർഷം കൊണ്ട് 1350 കോടി രൂപയുടെ വികസന പദ്ധതികൾ എത്തിച്ചു.

ആ വികസനം വോട്ടായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് ഇടതുപക്ഷം. അയിഷാപോറ്റിയുടെ വരവോടെ കോൺഗ്രസിൽ ഇടമില്ലെന്ന് മനസിലാക്കിയാണ് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ആർ.രശ്മി ബി.ജെ.പിയിലെത്തിയതും എൻ.ഡി.എ സ്ഥാനാർത്ഥിയായതും. ആം ആദ്മി പാർട്ടിക്കുവേണ്ടി മാമച്ചൻ ഡാനിയേലും മത്സര രംഗത്തുണ്ട്. രാഷ്ട്രീയത്തിനൊപ്പം വികസനവും വിവാദങ്ങളും കൂടി ച‌ർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പാണ് കൊട്ടാരക്കരയിൽ.

കെ.എൻ.ബാലഗോപാൽ

 പത്തനാപുരം കലഞ്ഞൂർ ശ്രീനികേതനിൽ പരേതരായ പി.കെ.നാരായണ പണിക്കരുടെയും ഒ.വി.രാധാമണി അമ്മയുടെയും മകനായ കെ.എൻ.ബാലഗോപാൽ (62) പുനലൂർ ശ്രീനാരായണ കോളേജിൽ മാഗസിൻ എഡിറ്ററായിട്ടാണ് വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിച്ചത്

 1983ൽ പുനലൂർ എസ്.എൻ കോളേജ് യൂണിയൻ ചെയർമാൻ

 1997ൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്

 2003ൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്

 1998 മുതൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം ജില്ലാ സെക്രട്ടറി

 വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പൊളിട്ടിക്കൽ സെക്രട്ടറി

 രാജ്യസഭാംഗമായും പ്രവർത്തിച്ചു

 2021ൽ കൊട്ടാരക്കരയിൽ നിന്ന് നിയമസഭാംഗം

 എം.കോം, എൽ.എൽ.എം ബിരുദധാരിയാണ്

 കോളേജ് അദ്ധ്യാപികയായ ആശാ പ്രഭാകരനാണ് ഭാര്യ. മക്കൾ: കല്യാണി, ശ്രീഹരി.

പി.അയിഷാപോറ്റി

 കൊട്ടാരക്കര ബാറിലെ അഭിഭാഷകയാണ് പി.അയിഷാപോറ്റി (67)

 2000ൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച് ജില്ലാ പഞ്ചായത്തംഗമായി

 2003ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി

 2006ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ആർ.ബാലകൃഷ്ണ പിള്ളയെ തോൽപ്പിച്ച് നിയമസഭയിൽ

 2011ലും 2016ലും വിജയിച്ചു. 2016ൽ 42,000 വോട്ടിന്റെ ഭൂരിപക്ഷം

 സി.പി.എം ജില്ലാ കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ദേശീയ സമിതി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, നിയമസഭ കമ്മിഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു

 കഴിഞ്ഞ ജനുവരിയിൽ സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നു

 കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശ്രീശങ്കരത്തിൽ ഇ.ശങ്കരൻ പോറ്റിയുടെ (റിട്ട.കൊമേഴ്സ്യൽ ടാക്സ് ഓഫീസർ) ഭാര്യയാണ്. മക്കൾ: രശ്മി ശങ്കർ, ഡോ. സൂരജ് ശങ്കർ. മരുമക്കൾ: എസ്.വേലപ്പനുണ്ണി, ഡോ. എം.അശ്വതി.

ആർ.രശ്മി

 ട്യൂഷൻ ടീച്ചറായിരുന്ന ആർ.രശ്മി (49) യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുരംഗത്ത് സജീവമായത്

 2005 മുതൽ 2015 വരെ കുളക്കട ഗ്രാമപഞ്ചായത്തംഗം

 2015 മുതൽ 2025 വരെ ജില്ലാ പഞ്ചായത്തംഗം

 ജില്ലാ പഞ്ചായത്ത് കലയപുരം ഡിവിഷനെ പ്രതിനിധീകരിച്ച് മികച്ച പ്രവർത്തനം കാഴ്ചവച്ച രശ്മിയെ 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, കെ.എൻ.ബാലഗോപാലിനെതിരെ കളത്തിലിറക്കി

 മികച്ച മത്സരം കാഴ്ചവച്ചു

 മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായായിരുന്നു

 അപ്രതീക്ഷിതമായി പി.അയിഷാപോറ്റി കോൺഗ്രസിലെത്തിയതോടെ ആർ.രശ്മിയുടെ സാദ്ധ്യതകൾ അകന്നു

 തുടർന്ന് ബി.ജെ.പിയിൽ അംഗത്വമെടുത്ത് സ്ഥാനാർത്ഥിയായി

 ഹിന്ദി സാഹിത്യത്തിൽ ബിരുദാനന്ദര ബിരുദവും എച്ച്.ഡി.സി ഡിപ്ളോമയും

 താഴത്തുകുളക്കട വൃന്ദാവനത്തിൽ ജി.അനന്തൻ തമ്പിയാണ് ഭർത്താവ്. മക്കൾ: അളക.ആർ.തമ്പി, എ.ജയന്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL