SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

ഗുസ്തിക്കാരൻ 'കേരളഗാമ'യുടെ ഭാര്യ ജീവിതവുമായി ഗുസ്തിയിൽ!

dd

കൊല്ലം: കേരളത്തിലെ ഗുസ്തി പ്രേമികളെ കോരിത്തരിപ്പിച്ച, 'കേരള ഗാമ' പോളച്ചിറ രാമചന്ദ്രന്റെ ഭാര്യ ലീലാവതി അമ്മയുടെ ഏകാന്ത ജീവിതം ദിനംതോറും ബുദ്ധിമുട്ടുമായി ഗുസ്തിയിലാണ്!. ഒട്ടനവധി മത്സരങ്ങളിൽ എതിരാളികളെ മലർത്തിയടിച്ച രാമചന്ദ്രൻ 2009ൽ മരിച്ചു.

മക്കളില്ലാത്തതിനാൽ കൊല്ലം ചിറക്കരത്താഴത്തെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ലീലാവതിഅമ്മയുടെ ഏക വരുമാനം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2000 രൂപ പെൻഷനാണ്. ജന്മിപുത്രനായ രാമചന്ദ്രന്റെ പേരിൽ അവസാന കാലത്ത് ഒരുതുണ്ട് ഭൂമി പോലും ഉണ്ടായിരുന്നില്ല. അദ്ദേഹം മരിച്ചശേഷം സർക്കാർ നിർമ്മിച്ചുനൽകിയ വീട്ടിലാണ് ലീലാവതിഅമ്മ താമസിക്കുന്നത്. രാമചന്ദ്രന്റെ അച്ഛൻ ചെല്ലപ്പൻപിള്ളയ്ക്ക് തറവാടിന് ചുറ്റും കണ്ണെത്താ ദൂരത്തോളം നെൽപ്പാടങ്ങളും കരപ്പുരയിടങ്ങളും ഉണ്ടായിരുന്നു. അതിൽ വലിയൊരു ഭാഗം പലപ്പോഴായി വിറ്റാണ് രാമചന്ദ്രനെ ഗുസ്തി പരിശീലപ്പിച്ചത്.

സമ്മാനത്തുകയൊക്കെ രാമചന്ദ്രൻ പ്രമുഖ മല്ലന്മാരെ ഒപ്പം പാർപ്പിച്ചുള്ള പരിശീലനത്തിനായി പൊടിച്ചു. ഇരുപത്തിയഞ്ചാം വയസിലാണ് ഗാട്ട ഗുസ്തി ചാമ്പ്യനുള്ള കേരളഗാമ പട്ടം രാമചന്ദ്രൻ നേടിയത്. 45-ാം വയസിൽ വിവാഹിതനായി. അതുവരെ ഗോദകളിൽ തിളങ്ങി.

സഹോദരിയുടെ വീടിനടുത്ത് താമസിച്ചിരുന്നയാളാണ് ലീലാവതി. അങ്ങനെ ഇരുവരും പ്രണയത്തിലായി. അപ്പോഴേക്കും സ്വത്തുക്കളെല്ലാം വിറ്റുതീർന്നിരുന്നു. സഹോദരിയുടെ പോളച്ചിറയിലെ വീട്ടിലായി താമസം. ഗുസ്തി ഉപേക്ഷിച്ച ശേഷം ഭാര്യയുടെ 55 സെന്റ് ഭൂമിയിൽ കൃഷി ചെയ്താണ് രാമചന്ദ്രൻ ജീവിതം മുന്നോട്ടുനീക്കിയത്. രണ്ട് സിനിമകളിലും ഗുസ്തിക്കാരന്റെ വേഷമിട്ടു.

എട്ടാം വയസിൽ പരിശീലനം

ജന്മി ചെല്ലപ്പൻപിള്ളയുടെ ഏഴ് മക്കളിൽ രണ്ടാമത്തെയാളായിരുന്നു രാമചന്ദ്രൻ. എട്ടാം വയസിൽ അച്ഛനൊപ്പം കൊല്ലത്ത് ഗുസ്തി മത്സരം കാണാൻ പോയി. പോരാട്ടം കണ്ടുനിന്ന രാമചന്ദ്രനോട് അച്ഛൻ, നിനക്ക് ഗുസ്തി പഠിക്കണോയെന്ന് ചോദിച്ചു. 'ഉം' എന്ന് മറുപടി പറഞ്ഞ രാമചന്ദ്രന് മുന്നിൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഉത്തരേന്ത്യയിൽ നിന്ന് രണ്ട് മല്ലന്മാരെത്തി! പിന്നീട് സ്ഥിരമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മല്ലന്മാരെ കൊണ്ടുവന്ന് പോളച്ചിറയിലെ തറവാട്ടിൽ പാർപ്പിച്ച് അവരുമായി മല്ലിട്ട് ഗുസ്തി പരിശീലിക്കുന്നത് വിവാഹം വരെ തുടർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL