SignIn
Kerala Kaumudi Online
Sunday, 26 July 2026 7.33 AM IST

നെഞ്ചിടിപ്പിൽ മുന്നണികൾ... വോട്ടുതേടൽ ഇന്ന് നിശബ്ദം

കൊല്ലം: കാടിളക്കിയിലുള്ള പ്രചാരണത്തിന് വിരാമമായെങ്കിലും സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും ഇന്ന് വെറുതേയിരിക്കില്ല. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് മുന്നണികളെല്ലാം പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമം നടത്തും.

ഇന്ന് ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ ഉറപ്പിക്കുന്ന ദിനം കൂടിയാണ്. ചില വോട്ടർമാരുടെ പിണക്കം മാറ്റി ഒപ്പംകൂട്ടാനുള്ള ശ്രമവും ഉണ്ടാകും. ഒപ്പം അടിയൊഴുക്കുകൾ ശക്തമാക്കാനുള്ള തന്ത്രങ്ങൾ ശക്തമായി പയറ്റുന്ന ദിനം കൂടിയാണിന്ന്. അതിനെല്ലാം പുറമേ എല്ലാ വോട്ടർമാർക്കും പോളിംഗ് സ്ലിപ്പുകൾ എത്തിക്കാനുള്ള ശ്രമവും നടക്കും. അതുകൊണ്ട് തന്നെ പാർട്ടി പ്രവർത്തകർക്കും സ്ഥാനാർത്ഥികൾക്കും ഇന്നും വിശ്രമമില്ല. വീടുകളിലെല്ലാം ഒച്ചപ്പാടുകളില്ലാതെ വോട്ട് തേടൽ സംഘങ്ങൾ ഇന്നുമെത്തും.

സംഘംചേരുന്നതിന് നിരോധനം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതോടെ ജില്ലയിൽ നിയമവിരുദ്ധമായി സംഘംചേരുന്നതിന് നിരോധനം ഏർപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ആറുവരെയാണ് ബാധകം. പൊതുയോഗങ്ങളോ റാലികളോ നടത്തരുത്. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയപ്രവർത്തകരും പ്രചാരണത്തിനായി മറ്റിടങ്ങളിൽ നിന്ന് വന്നവരും പ്രചാരണ സമയം അവസാനിക്കുന്നതോടെ മണ്ഡലത്തിൽ നിന്ന് പുറത്തേക്ക്‌ പോകണം. പോളിംഗ് സ്റ്റേഷനുകളുടെ 100 മീറ്റർ ചുറ്റളവിൽ കൂട്ടംകൂടാനോ തിരഞ്ഞെടുപ്പ് ബൂത്തുകൾ സ്ഥാപിക്കാനോ പാടില്ല.

ബാധകമല്ലാത്തത്


 ദൈനംദിന ആവശ്യങ്ങൾക്ക്


 വിവാഹം, മരണം തുടങ്ങിയ സ്വകാര്യചടങ്ങുകൾ


 വ്യാപാരസ്ഥാപനങ്ങൾ, സിനിമ തിയേറ്ററുകൾ


 വീടുകൾ കയറിയുള്ള പ്രചാരണമാകാം


 ക്രമസമാധാനപാലനം, തിരഞ്ഞെടുപ്പ്‌ നടത്തിപ്പ്


 അത്യാവശ്യ സേവനങ്ങളുടെ പരിപാലനം

പെരുമാറ്റച്ചട്ടം ലംഘിച്ചാൽ നടപടി

വോട്ടെടുപ്പിന് മുന്നോടിയായുള്ള അവസാന 72 മണിക്കൂറുകളിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് തടയാൻ കർശന നടപടികളുണ്ടാകും. എല്ലാ വരണാധികാരികൾക്കും പൊലീസിനും വകുപ്പ് തലവന്മാർക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

സ്ഥാനാർത്ഥികളോ അവർക്കുവേണ്ടി മറ്റാരെങ്കിലുമോ വോട്ടർമാരെ സ്വാധീനിക്കാൻ പണമോ സമ്മാനങ്ങളോ ഇതര വസ്തുക്കളോ വാഗ്ദാനം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ വരണാധികാരികൾക്കും പൊലീസ്, എക്‌സൈസ് വിഭാഗങ്ങൾക്കും വിവിധ സ്‌ക്വാഡുകൾക്കുമാണ് ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL