SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.06 PM IST

ചൂട് ഇനിയും ഉയരും, ഇന്നലെ 39 ഡിഗ്രി

കൊല്ലം: ജില്ലയിൽ ഉൾപ്പെടെ ചൂട് ഇനിയും ഉയരാൻ സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഏപ്രിൽ മാസമാണ് വേനൽ ഉച്ചസ്ഥായിയിൽ എത്തുന്നത്. സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് കേരളത്തിന് മുകളിലേക്ക് വരുന്ന സമയമാണിപ്പോൾ അതുകൊണ്ട് തന്നെ സൂര്യരശ്മികൾ ലംബമായി തന്നെ കേരളത്തിന് മുകളിലേക്ക് വരും.

ഇതാണ് ഏപ്രിൽ മാസത്തിൽ ചൂട് അധികമായി അനുഭവപ്പെടുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. വായുവിലെ ഉയർന്ന ഈർപ്പമാണ് ചൂടിനെ അപകടകരമാക്കുന്നത്. ഇന്നലെ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ചൂടിനൊപ്പം അൾട്രാവയലറ്റ് രശ്മികളുടെ വികിരണ തോതും ഉയരുകയാണ്. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ജലാശയങ്ങൾക്കും മണൽ പ്രദേശങ്ങൾക്കും സമീപം അൾട്രാവയലറ്റ് പ്രതിഫലനം കൂടുതലായിരിക്കും.

ഉയർന്ന ചൂടിനൊപ്പം അൾട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നതിനാൽ ജാഗ്രത പാലിക്കണം. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.

മഴ പെയ്താലും ചൂട് കുറയില്ല

 ശരാശരിക്ക് മുകളിൽ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെങ്കിലും ചൂട് കുറയാൻ പര്യാപ്തമല്ല

 വൈകുന്നേരങ്ങളിലും രാത്രിയിലും മാത്രമാണ് മഴ ലഭിക്കുന്നത്

 ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാദ്ധ്യത

 സൂര്യാഘാതം, സൂര്യാതപം എന്നിവയ്ക്ക് സാദ്ധ്യത

വെള്ളം കുറച്ച് കുടിക്കുന്നവർ, വെയിലത്ത് പണിയെടുക്കുന്നവർ, മദ്യപാനികൾ എന്നിവരിൽ അപകട സാദ്ധ്യത കൂടുതൽ

 രാവിലെ 11 മുതൽ വൈകിട്ട് 3 വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക

 പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ ശ്രദ്ധിക്കണം

 ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം കുടിക്കണം

വരും ദിവസങ്ങളിലും ചൂട് ഉയരാനുള്ള സാദ്ധ്യതയുണ്ട്. 2024 ലെ ചൂടിനെ വച്ച് നോക്കുമ്പോൾ കുറവും എന്നാൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതലുമാണ്.

രാജീവൻ ഇരിക്കുളം, കാലാവസ്ഥ നിരീക്ഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL