SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

ദേശീയപാത വികസനം കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ കൗണ്ട് ഡൗൺ

ജൂൺ 20ന് മുൻപ് പൂർത്തിയാക്കും

കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കടമ്പാട്ടുകോണം- കാവനാട് റീച്ചിൽ പുതുതായി അനുവദിച്ച മൂന്ന് ഫ്ലൈ ഓവറുകൾ ഒഴികെയുള്ള നിർമ്മാണ പ്രവൃത്തികൾ ജൂൺ 20ന് മുൻപ് പൂർത്തിയാക്കി ദേശീയപാത അതോറിട്ടിക്ക് കൈമാറും. പ്രവൃത്തികൾ 96 ശതമാനം വരെ പിന്നിട്ടു.

കല്ലുന്താഴം ആർ.ഒ.ബി, ഇത്തിക്കരയിലെ പുതിയ ഭൂഗർഭ അടിപ്പാത എന്നിവയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തികൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. ഇത്തിക്കരയിലെ ഭൂഗർഭ അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായി. ഇവിടത്തെ സർവ്വീസ് റോഡ് താഴ്ത്തി അടിപ്പാതയുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. കല്ലുന്താഴം ആർ.ഒ.ബിയുടെ നിർമ്മാണം 45 ദിവസത്തിനകം പൂർത്തിയാകും. സൈൻ ബോർഡുകൾ, ഫ്ലൈ ഓവറുകളിലും അടിപ്പാതകളിലും തെരുവ് വിളക്കുകൾ എന്നിവ സ്ഥാപിച്ചു. ചുരുക്കം സ്ഥലങ്ങളിൽ ആറുവരിപ്പാതയെയും സർവീസ് റോഡിനെയും വേർതിരിക്കുന്ന ടോ വാളുകൾ ബന്ധിപ്പിക്കാനുണ്ട്. മേവറം, മൈലക്കാട്, കടവൂർ എന്നിവിടങ്ങളിലെ ഫ്ലൈ ഓവർ നിർമ്മാണത്തിന് 2027 ജൂൺ വരെയാണ് സമയം നൽകിയിരിക്കുന്നത്.

ടോൾ പ്ലാസയിൽ ട്രയൽ റൺ

കല്ലുവാതുക്കലിനും പാരിപ്പള്ളിക്കും ഇടയിൽ ശ്രീരാമപുരുത്തുള്ള ടോൾ പ്ലാസയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇവിടെ ഒരുമാസത്തിനുള്ളിൽ ട്രയൽ റൺ നടക്കും. ഒരുവശത്തേക്കുള്ള മൂന്ന് വരിപ്പാതയെ വീണ്ടും ആറുവരികളായി തിരിച്ചാണ് വാഹനങ്ങൾ ടോൾ പ്ലാസയ്ക്ക് ഉള്ളിലൂടെ കടത്തിവിടുന്നത്. കാവനാട്, കടമ്പാട്ടുകോണം റീച്ചിന്റെ നിർമ്മാണ ചെലവ് നിശ്ചിതകാലത്തിനിടയിൽ തിരിച്ചുപിടിക്കുന്ന തരത്തിലാകും ടോൾ പിരിവ്. സ്ഥലം ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാർ നൽകിയ 25 ശതമാനം തുക കുറച്ചാകും തിരിച്ചുപിടിക്കൽ.

..................................................

 കാവനാട്- കടമ്പാട്ടുകോണം റീച്ച്: 31.5 കി. മീ
 നിർമ്മാണ പുരോഗതി: 96 ശതമാനം

 നാല് പാലങ്ങൾ പൂർത്തിയായി
 പാലങ്ങളിൽ ഭാരപരിശോധന പുരോഗമിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL