SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.08 AM IST

മോട്ടോർ വാഹന വകുപ്പ് പറയുന്നു ​തീച്ചൂട് കത്തി​ക്കും വാഹനങ്ങളെയും!

ഡ്രൈവർമാർ അതീവ ശ്രദ്ധ പുലർത്തണം

കൊല്ലം: കേരളം കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലമരവേ, വാഹനങ്ങളിൽ തീ പടരാനുള്ള സാദ്ധ്യത മുൻനിറുത്തി ഉടമകൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി കൊല്ലം ആർ.ടി.ഒ (എൻഫോഴ്‌സ്‌മെന്റ്) വിഭാഗം. മുൻവർഷങ്ങളിൽ വേനൽക്കാലത്ത് വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ വേണമെന്ന് അധികൃതർ പറയുന്നു.

റോഡരികിലും വീട്ടുപറമ്പിലും നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കൊടുംചൂടിൽ അഗ്നിക്കിരയാവാൻ സാദ്ധ്യതയുണ്ട്.
പാർക്ക് ചെയ്യാൻ തണലുള്ള ഇടങ്ങൾ തിരഞ്ഞെടുക്കണം. നേരിട്ട് വെയിലടിക്കുന്ന സാഹചര്യത്തിൽ ഡാഷ്‌ബോർഡ് സംരക്ഷിക്കാൻ സൺപ്രൊട്ടക്ഷൻ ഷീൽഡുകൾ ഉപയോഗിക്കണം. വാഹനത്തിനുള്ളിലെ ചൂടുവായു പുറത്തുപോകാനായി ഗ്ലാസുകൾ നേരിയ തോതിൽ താഴ്ത്തിയിടുന്നത് താപനില നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ, വൈപ്പർ ബ്ലേഡുകൾ ഗ്ലാസിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ അവ ഉയർത്തിവെക്കുന്നതും ഉചിതമാണ്.

​വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്ന നിസാരമെന്നു തോന്നുന്ന പല വസ്തുക്കളും ചൂടുകൂടുമ്പോൾ അപകടകാരികളാകും. സാനിട്ടൈസർ, പെർഫ്യൂമുകൾ, സിഗരറ്റ് ലൈറ്റർ, തീപ്പെട്ടി തുടങ്ങിയവ വാഹനത്തിനുള്ളിൽ നിന്ന് നിർബന്ധമായും ഒഴിവാക്കണം. ഇവ അമിതമായി ചൂടാകുന്നത് തീപിടി​ത്തത്തിന് കാരണമാകും. കുപ്പികളിൽ നിറച്ച ഇന്ധനം യാതൊരു കാരണവശാലും വാഹനത്തിനുള്ളിൽ വയ്ക്കരുത്.


ശ്രദ്ധി​ക്കണം ടയറുകൾ


​റോഡിലെ അമിതമായ ചൂട് ടയറുകൾ പൊട്ടിത്തെറിക്കാൻ കാരണമായേക്കാം. അതിനാൽ കൃത്യമായ ഇടവേളകളിൽ ടയർ പ്രഷർ പരിശോധിക്കണം. വേനൽക്കാലത്ത് ടയർ എയർ പ്രഷർ അല്പം കുറച്ചു നിർത്തുന്നത് വായു വികസിക്കുന്നത് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.​ പഴക്കമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സർവീസ് സെന്ററുകളുടെ സഹായത്തോടെ ഇലക്ട്രിക് സിസ്റ്റം, ഫ്യുവൽ ലൈനുകൾ എന്നിവ പരിശോധിക്കണം. ഷോർട്ട് സർക്യൂട്ട് സാദ്ധ്യതയോ ഇന്ധന ചോർച്ചയോ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് ദുരന്തങ്ങൾ ഒഴിവാക്കാൻ സഹായിക്കും.


​എ.സിയി​ലും ജാഗ്രത വേണം


​യാത്ര തുടങ്ങുന്ന ഉടൻ എസി ഓൺ ചെയ്യുന്ന രീതി ഒഴിവാക്കണം. വാഹനത്തിന്റെ വിൻഡോകൾ താഴ്ത്തിയിട്ട് ഫാൻ മാത്രം പ്രവർത്തിപ്പിച്ച് ഉള്ളിലെ ചൂടുവായു പുറന്തള്ളിയ ശേഷംഎ.സി പ്രവർത്തിപ്പിക്കുക. ഇത് എ.സിയുടെ പ്രവർത്തനക്ഷമത കൂട്ടുകയും എൻജിൻ ആയാസം കുറയ്ക്കുകയും ചെയ്യും.
...............................


​ റേഡിയേറ്റർ കൂളന്റ് കൃത്യമായ അളവിൽ ഉണ്ടെന്ന് ഉറപ്പാക്കുക
​ ബാറ്ററിയിലെ വെള്ളത്തിന്റെ അളവും ഇലക്ട്രിക്കൽ വയറിംഗും പരിശോധിക്കുക
 ദീർഘദൂര യാത്രകളിൽ എൻജിൻ അമിതമായി ചൂടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക

......................................

വാഹനം അപകടത്തിൽപ്പെട്ടാൽ ഉടൻ തന്നെ ഫയർ എക്സ്റ്റിംഗ്യുഷർ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കണം. ഒപ്പം മറ്റു വാഹനങ്ങളിലേക്ക് തീ പടരാതിരിക്കാൻ ശ്രദ്ധിക്കുക. എത്രയും വേഗം 112 ,101 എന്നീ സഹായ നമ്പറുകളിൽ വിളിച്ച് വിവരം അറിയിക്കണം


എൻഫോഴ്‌സ്‌മെന്റ് അധികതർ, കൊല്ലം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL