SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

കരീപ്രയുടെ കൈ പി​ടി​ക്കാൻ 3 എം.എൽ.എമാർ!

കൊല്ലം: ഫലപ്രഖ്യാപനം കഴി​യുമ്പോൾ കരീപ്രക്കാർക്ക് മൂന്ന് എം.എൽ.എമാരുണ്ടാവും! കരീപ്ര ഉൾപ്പെടുന്ന കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ സി.പി.എമ്മിലെ കെ.എൻ.ബാലഗോപാലും കോൺഗ്രസിലെ പി. അയി​ഷാപോറ്റിയും ബി.ജെ.പിയിലെ ആർ.രശ്മിയും തമ്മിലായിരുന്നു മത്സരം. കരീപ്രക്കാർ അല്ലെങ്കി​ൽപ്പോലും ഇതി​ൽ ആര് ജയിച്ചാലും കരീപ്രക്കാരുടെ എം.എൽ.എയാണ്.

ചാത്തന്നൂരിൽ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ.രാജേന്ദ്രനും (67) അടൂരിൽ സി.പി.ഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് ജില്ലാ എക്സി.അംഗവുമായ പ്രിജി കണ്ണനുമാണ് (32) ഇടത് സ്ഥാനാർത്ഥികളായി മത്സരിച്ചത്. ഒരേ പാർട്ടിക്കാരായ ഇരുവരും കരീപ്ര പഞ്ചായത്തിലെ താമസക്കാരാണ്. കരീപ്ര ജംഗ്ഷനോട് ചേർന്ന് പുതിയയ്ക്കൽ വീട്ടിലാണ് ആർ.രാജേന്ദ്രന്റെ താമസം. കരീപ്ര അരുവാറ്റൂർ തെക്കേവിള വീട്ടിൽ പരേതനായ ജി.ശശിധരന്റെയും അനിതയുടെയും മകളാണ് പ്രിജി. അടൂർ പട്ടികജാതി സംവരണ മണ്ഡലമായതിനാലാണ് പ്രിജി കണ്ണന് പരിഗണന ലഭിച്ചത്. പുനലൂരിൽ ഇക്വാലിറ്റി പാർട്ടി ഒഫ് ഇന്ത്യ സ്ഥാനാ‌ർത്ഥിയായി മത്സരിച്ച നെടുമൺകാവ് ഗോപാലകൃഷ്ണനും കരീപ്ര പഞ്ചായത്തുകാരനാണ്.

മന്ത്രി സഭയി​ലും ഇടം

ഇടത് തുടർഭരണത്തിന് സാദ്ധ്യതയുണ്ടാവുകയും ചാത്തന്നൂരിൽ ആർ.രാജേന്ദ്രനും അടൂരിൽ പ്രിജി കണ്ണനും കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാലും ജയിക്കുകയും ചെയ്താൽ. മൂന്നുപേരും സംസ്ഥാന മന്ത്രിസഭയിൽ അംഗങ്ങളായേക്കും. കഴിഞ്ഞ തവണ അടൂരിൽ നിന്നു വിജയിച്ച ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ആ പരിഗണനയെങ്കിലും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പ്രിജി കണ്ണന് ലഭിക്കാതി​രി​ക്കി​ല്ല. യു.ഡി.എഫ് അധികാരത്തിലെത്തുകയും കൊട്ടാരക്കരയിൽ പി. അയി​ഷാപോറ്റി ജയിക്കുകയുന ചെയ്താൽ സ്പീക്കറോ മന്ത്രിയോ ആകുമെന്ന കാര്യത്തിൽ തർക്കമില്ല. ആ നിലയിൽ ഈ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്നത് കരീപ്രക്കാരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL