SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

പാരിപ്പള്ളി മെഡി. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ തണുപ്പ് കുറവ്, ആകെ വിയർക്കുന്നു!

ശസ്ത്രക്രിയകളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ നീക്കം

കൊല്ലം: ഓപ്പറേഷൻ തിയേറ്ററുകളിൽ വേണ്ടത്ര ശീതീകരണ സംവിധാനമില്ലാത്തതിനാൽ പാരിപ്പള്ളി മെഡി. ആശുപത്രിയിൽ ശസ്ത്രക്രിയകളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ നീക്കം. ഡോക്ടർമാരും രോഗികളും വിയർക്കുന്നത് അണുബാധയ്ക്ക് വഴിതെളിക്കാമെന്ന നിഗമനമാണ് ഇതിനു പിന്നിൽ.

ഓപ്പറേഷൻ തീയേറ്ററുകളിൽ 18നും 23നും ഇടയിലാണ് കൂളിംഗ് വേണ്ടത്. എന്നാൽ പാരിപ്പള്ളി മെഡി. ആശുപത്രിയിലെ എയർ കണ്ടീഷൻ സംവിധാനത്തിന്റെ ചില്ലിംഗ് യൂണിറ്റിൽ നിന്ന് പുറപ്പെടുന്ന തണുത്ത വായുവിന്റെ താപനില 20 ഡിഗ്രിയാണ്. ഇത് ഓപ്പറേഷൻ തിയേറ്ററിൽ എത്തുമ്പോൾ 25 ഡിഗ്രിയാകും. രാവിലെ ഏഴിന് അനസ്തേഷ്യ നൽകി എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് ശസ്ത്രക്രിയ നടക്കുന്നത്. പത്ത് മണിയോടെ അന്തരീക്ഷ ഊഷ്മാവ് ഉയരുമ്പോൾ ഓപ്പറേഷൻ തീയേറ്ററിൽ രോഗികളും വിയർക്കുന്ന അവസ്ഥയാണ്. ഓപ്പറേഷൻ തീയേറ്ററുകളിൽ മുകളിൽ നിന്നു താഴേക്ക് തണുപ്പ് വരേണ്ടതിനാൽ സ്‌പ്ളിറ്റ് എ.സികൾ പറ്റില്ല.

 ഒരു പതിറ്റാണ്ട് പഴക്കം

ഇ.എസ്.ഐ കോർപ്പറേഷന്റെ കൈവശമിരുന്നപ്പോൾ 2016ൽ കമ്മിഷൻ ചെയ്തതാണ് പാരിപ്പള്ളി മെഡി. ആശുപത്രിയിലെ സെൻട്രലൈസ്ഡ് എയർ കണ്ടീഷൻ സംവിധാനം. അഞ്ച് ചില്ലിംഗ് യൂണിറ്റുകളുണ്ട്. 2019ൽ കൊവിഡ് വ്യാപനത്തിന് പിന്നാലെ അടച്ച ചില്ലിംഗ് യൂണിറ്റുകൾ 2022ൽ തുറന്നപ്പോൾ മൂന്നെണ്ണം തകരാറിലായി. പ്രവർത്തിച്ചിരുന്ന രണ്ട് യൂണിറ്റുകളിലും ചോർച്ച ഉണ്ടായതോടെയാണ് വാർഡുകളിലും ഓപ്പറേഷൻ തീയേറ്റുകളിലും ഉഷ്ണം രൂക്ഷമായത്. പ്രതിഷേധം ശക്തമായതോടെ തകരാർ പരിഹരിക്കാൻ 12.45 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്ക് സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തി. ഇതുവരെ പുതിയ സ്പെയർ പാർട്സ് വാങ്ങിയതടക്കം ആറ് ലക്ഷത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും ഈ രണ്ട് ചില്ലിംഗ് യൂണിറ്റുകളുടെ പ്രശ്നമേ പരിഹരിക്കപ്പെട്ടുള്ളൂ.

രോഗികൾബുദ്ധിമുട്ടിലാകാതിരിക്കാനാണ് ശസ്ത്രക്രിയ ഇപ്പോഴും തുടരുന്നത്. അണുബാധ ഭീഷണി രൂപപ്പെട്ടാൽ ശസ്ത്രക്രിയ വെട്ടിക്കുറയ്ക്കേണ്ടി വരും

പാരിപ്പള്ളി മെഡി. ആശുപത്രി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL