SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

കനത്ത മഴ, കാറ്റ്; കിഴക്കൻ മേഖല ആടിയുലയുന്നു

t
തിരുവനന്തപുരം-തെങ്കാശി അന്തർ സംസ്ഥാന പാതയിൽ കുളത്തൂപ്പുഴ കൂവക്കാട് പള്ളംവെട്ടിക്ക് സമീപം മരം കടപുഴകി വീണ നിലയിൽ

വ്യാപക നാശനഷ്ടം, കൈവിടരുത് ജാഗ്രത

കൊല്ലം: ജില്ലയുടെ മലയോര മേഖലകളിൽ കാറ്റിലും മഴയിലും വൻ നാശനഷ്ടങ്ങളുണ്ടായി. കുളത്തൂപ്പുഴ അരിപ്പ സമരഭൂമിയിൽ കൂറ്റൻ റബ്ബർ മരം വീണ് കുടിൽ പൂർണമായും തകർന്നു. ഭാരതീപുരം കൃഷ്ണ വിലാസം വീട്ടിൽ രാധാമണിയുടെ (65) കുടിലാണ് തകർന്നത്. രാത്രി പത്തിനുണ്ടായ അപകടത്തിൽ രാധാമണി അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ മേഖലയിൽ അപകടഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

തിരുവനന്തപുരം-തെങ്കാശി അന്തർ സംസ്ഥാന പാതയിൽ കുളത്തൂപ്പുഴ കൂവക്കാട് പള്ളംവെട്ടിക്ക് സമീപം മരം കടപുഴകി വീണ് ഗതാഗതം ഏറെ നേരം തടസപ്പെട്ടു. വൈദ്യുതി ലൈനുകളിലേക്ക് മരം പതിച്ചതിനെത്തുടർന്ന് നിരവധി പോസ്റ്റുകൾ തകർന്നു. കെ.എസ്.ഇ.ബി അധികൃതരും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പുനലൂർ കുളത്തുപ്പുഴ ദേശീയ പാതയിലും മരം വീണ് ഗതാഗത തടസമുണ്ടായി. ചാത്തന്നൂർ, കൊട്ടിയം മേഖലകളിൽ സർവീസ് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രാക്ലേശം വർദ്ധിപ്പിച്ചു. മഴ കനത്തതോടെ കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

 ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും

തെക്കൻ കർണാടകയ്ക്ക് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമാണ് നിലവിലെ മഴയ്ക്ക് കാരണം. കൊല്ലം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 16 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും ഈ ആഴ്ച അവസാനത്തോടെ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ കടലിൽ എത്താൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL