കൊല്ലം: ജനനായകിയായി മന്ത്രിസഭയിലേക്ക് നടന്നുകയറിയ ബിന്ദു കൃഷ്ണയ്ക്ക് സ്വന്തം മണ്ണിൽ ലഭിച്ചത് ആവേശ സ്വീകരണം. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ഇന്നലെ വൈകിട്ട് കൊല്ലത്തെത്തിയ നിയുക്ത മന്ത്രിയെ സ്നേഹക്കടലോടെയാണ് അണികളും നാട്ടുകാരും എതിരേറ്റത്.
തിരുവനന്തപുരത്തെ ഔദ്യോഗിക തിരക്കുകൾക്ക് ശേഷം ഭർത്താവും കോൺഗ്രസ് നേതാവുമായ എസ്.കൃഷ്ണകുമാർ, മകൻ കെ.കെ.ശ്രീകൃഷ്ണ എന്നിവർക്കൊപ്പം വൈകിട്ട് അഞ്ചോടെയാണ് തിരിച്ചെത്തിയത്. ചിന്നക്കട ശാന്തിനഗറിലെ നക്ഷത്ര അപ്പാർട്ട്മെന്റിലേക്ക് ബിന്ദു കൃഷ്ണ എത്തുമ്പോൾ, പ്രിയ നേതാവിനെ വരവേൽക്കാൻ നൂറിലേറെ പ്രവർത്തകർക്കൊപ്പം ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഉണ്ണിക്കൃഷ്ണൻ, ബി.തൃദീപ് കുമാർ, ഡി.ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, ഡി.സ്യമന്തഭദ്രൻ തുടങ്ങിയ നേതാക്കളുടെ നിര കാത്തുനിൽപ്പുണ്ടായിരുന്നു.
പടക്കം പൊട്ടിച്ചും ആർപ്പുവിളികളോടെയും പ്രവർത്തകർ അന്തരീക്ഷം അത്യന്തം ആവേശഭരിതമാക്കി. നേതാവിനെ പൊന്നാടകൾ അണിയിക്കാനുള്ള തിരക്കായിരുന്നു പിന്നീട്. മഹിളാ കോൺഗ്രസ് പ്രവർത്തകർ കെട്ടിപ്പിടിച്ചും ചുംബിച്ചും തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ വിജയം ആഘോഷമാക്കി. ഫ്ലാറ്റിലേക്ക് നടന്നുപോകുന്ന വഴിയിൽ ഇരുവശത്തുമുള്ള വീടുകളിലെല്ലാം കയറി നാട്ടുകാരോട് നന്ദി പറയാനും അവർ സമയം കണ്ടെത്തി. ഫ്ലാറ്റിന്റെ ഒന്നാം നിലയിലേക്ക് എത്തിയപ്പോൾ അയൽവാസികളായ വനിതകൾ കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച നിമിഷം നിയുക്ത മന്ത്രിയുടെ കണ്ണുകളെയും ഈറനണിയിച്ചു.
ഇതിനിടയിൽ മധുരമേറിയ ലഡു വിതരണവും പൊന്നാട അണിയിക്കലുമായി അപ്പാർട്ട്മെന്റ് സമുച്ചയം ഒന്നാകെ ഉത്സവലഹരിയിലായി. ഒരു മണിക്കൂറോളം നീണ്ട ഫ്ലാറ്റിലെ ഹൃദ്യമായ സ്വീകരണത്തിന് ശേഷം ആശ്രാമം മുനീശ്വരൻ കോവിലിലും കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിലും അവർ ദർശനം നടത്തി. തുടർന്ന് തന്റെ രാഷ്ട്രീയ തട്ടകമായ ഡി.സി.സി ഓഫീസിലേക്ക് എത്തിയ ബിന്ദു കൃഷ്ണ, ഓഫീസിന്റെ പടികൾ തൊട്ടുതൊഴുതുകൊണ്ടാണ് അകത്തേക്ക് പ്രവേശിച്ചത്. അവിടെ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ വൻ ജനവലിയാണ് പ്രിയ നേതാവിന് ഊഷ്മളമായ സ്വീകരണമൊരുക്കാൻ കാത്തുനിന്നിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |