SignIn
Kerala Kaumudi Online
Sunday, 24 May 2026 3.52 AM IST

കടൽ കടന്നും വേദി​കളി​ൽ ആരവമായി​ മനീഷ

photo

കൊല്ലം: മലയാളനാട്ടി​ലെ ഉത്സവ പറമ്പുകളി​ൽ വി​സ്മയമായി​രുന്ന കുട്ടിക്കാഥിക ഓടനാവട്ടം മനീഷ ഇന്ന് ബഹ്റൈൻ സാംസ്കാരിക വേദികളിലെ മിന്നും താരമാണ്! ബഹ്റൈനിൽ മലയാളികൾ മുൻകൈയെടുത്ത് നടത്തുന്ന സാംസ്കാരിക പരിപാടികളി​ലൊക്കെ അവതാരകയായി മനീഷ സന്തോഷ് (38) എത്തും. ഗായിക കെ.എസ്.ചിത്രമുതൽ വിനീത് ശ്രീനിവാസനും നവ്യാനായരുമടക്കമുള്ള വൻ താരനിരയെ വേദികളി​ലേക്ക് വരവേറ്റി​ട്ടുള്ള മനീഷയുടെ സാന്നിദ്ധ്യം അനിവാര്യമായ അവസ്ഥയി​ലാണ് ബഹ്റൈൻ മലയാളി​കൾ.

കൊട്ടാരക്കര ഓടനാവട്ടം കളപ്പില രാമചന്ദ്രൻ- സുലോചന ദമ്പതികളുടെ മകളായ മനീഷ ഒൻപത് വയസുള്ളപ്പോഴാണ് കഥാപ്രസംഗ വേദിയിലെത്തിയത്. ഓടനാവട്ടം മനീഷ എന്ന പേരിൽ കുഞ്ഞുപ്രായത്തിൽ ഉത്സവ പറമ്പുകളിലാകെ കഥാപ്രസംഗം അവതരിപ്പിച്ചു. സ്കൂൾ കലോത്സവങ്ങളിൽ ഓട്ടൻതുള്ളലി​ലും മിമിക്രിയിലും മോണോ ആക്ടിലും പദ്യം ചൊല്ലലിലും കഥാപ്രസംഗത്തിലുമൊക്കെ സമ്മാനങ്ങൾ വാരിക്കൂട്ടി. തുടർന്ന് കഥാപ്രസംഗവും ഓട്ടൻതുള്ളലും ഭക്തിഗാനവും സംയോജിപ്പിച്ച് 'ക്ഷേത്രോത്സവം' എന്ന പരിപാടിയൊരുക്കി വേദികളിലെത്തിച്ചു. രണ്ടായിരത്തിലധികം വേദികളിൽ അന്നേ തിളങ്ങി. വിവാഹശേഷം 2012ൽ ബഹ്റൈനിലേക്ക് പറന്നു. അവിടെ ഇന്ത്യൻ പബ്ളിക് സ്കൂളിൽ അദ്ധ്യാപികയായി. ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച 'കഥപറയുമ്പോൾ' പരിപാടിയിൽ കഥാപ്രസംഗം അവതരിപ്പിച്ചു. ബഹ്റൈനിലെ റേഡിയോ ചാനലായ 104.2 എഫ്.എമ്മിലെ 'വാചകരാജ' പരിപാടിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ ശ്രദ്ധിക്കപ്പെട്ടു. ബഹ്റൈനിൽ എസ്.എൻ.സി.എസിന്റെ സിൽവർ ജൂബി ആയി​രുന്നു.

കണ്ണീർ തുടച്ചത് കലയി​ലൂടെ

ഭർത്താവ് സന്തോഷിന്റെ ആകസ്മിക മരണത്തോടെ അദ്ധ്യാപക ജോലിയിൽ നിന്ന് അവധിയെടുത്ത് മാസങ്ങളോളും മുറിക്കുള്ളിൽ ഒതുങ്ങിക്കൂടി. സുഹൃത്തുക്കളുടെ നിർബന്ധത്തിലാ പതിയെ സജീവമായത്. കലാ ലോകത്ത് കൂടുതൽ വ്യാപരിച്ചതോടെ സങ്കടങ്ങളകന്നു. പാട്ടെഴുതിയും പാടിയും നൃത്തം ചെയ്തും ആൽബങ്ങൾ ചെയ്തും സോഷ്യൽ മീഡിയകളിലൂടെ കഥപറഞ്ഞുമൊക്കെ അതിജീവനത്തിന്റെ വഴികളൊരുക്കി. വേദിയിൽ ആവേശം നിറയ്ക്കുന്ന പാട്ടുപാടി, വാചക കസർത്തിലൂടെ പരിപാടി കൊഴുപ്പിക്കാൻ മനീഷയ്ക്ക് കഴിയുമെന്ന വിശ്വാസം ബഹ്റൈനി​ലെ മലയാളി​കൾക്കുണ്ട്. പത്താം ക്ളാസ് വിദ്യാർത്ഥിയായ മകൻ ശിവദത്ത് സന്തോഷും മനീഷയ്ക്ക് പ്രോത്സാഹനമായി കൂടെയുണ്ട്.

സങ്കടങ്ങളെ അതിജീവിക്കാൻ കലയോളം വലിയൊരു മരുന്നില്ല

മനീഷ സന്തോഷ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL