SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.13 AM IST

ലിങ്ക് റോഡ് വികസനം നടുക്കായലിൽ!

സർക്കാർ നിലപാടറിയാൻ കെ.ആർ.എഫ്.ബി

കൊല്ലം: ആശ്രാമം ലിങ്ക് റോഡ് നാലാംഘട്ട വികസനത്തിന്റെ റീ ടെണ്ടർ നടപടികൾ സ്തംഭനത്തിൽ. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയായതിനാൽ, നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി (കേരള റോഡ് ഫണ്ട് ബോർഡ്) സർക്കാർ നിലപാടറിയാൻ കാത്തിരിക്കുകയാണ്. .

നിയമസഭ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നതിന് തൊട്ടുമുൻപ് ഫെബ്രുവരി 20നാണ് ലിങ്ക് റോഡ് നാലാംഘട്ട വികസനത്തിന് ടെൻഡർ ക്ഷണിച്ചത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ടെണ്ടർ നടപടികൾ സ്തംഭിച്ചു. പെരുമാറ്റച്ചട്ടം നീങ്ങിയിട്ടും കെ.ആർ.എഫ്.ബി റീ ടെണ്ടർ ചെയ്തില്ല. വരുമാനമുള്ള പദ്ധതികൾ മാത്രം കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയാൽ മതിയെന്നാണ് പുതിയ സർക്കാരിന്റെ പ്രാഥമിക നിലപാട്. അതുകൊണ്ട് തന്നെ ലിങ്ക് റോ‌ഡ് നാലാംഘട്ട വികസനം മാറ്റിവയ്ക്കുമോയെന്ന് ആശങ്കയുണ്ട്.

ഓലയിൽക്കടവിൽ നിന്ന് കടവൂർ പള്ളിക്കടുത്തേക്ക് നീട്ടുന്നതാണ് പദ്ധതി. അഷ്ടമുടി കായലിലൂടെ കൊല്ലം- തേനി ദേശീയപാതയിൽ കടവൂർ പള്ളിക്കടുത്തെത്തുന്ന 492 മീറ്റർ നീളമുള്ള പാലമാണ് പുതിയ രൂപരേഖയിലുള്ളത്. രണ്ടാംഘട്ടമായി കടവൂർ പള്ളിക്കടുത്ത് കോട്ടയത്ത് കടവിൽ നിന്ന് കുരീപ്പുഴയിലേക്ക് പാലം നിർമ്മിച്ച് ലിങ്ക് റോഡിനെ ദേശീയപാത 66മായി ബന്ധിപ്പിക്കും. ഇതോടെ കൊല്ലം നഗരത്തിൽ നിന്ന് ദേശീയപാതയിലേക്കുള്ള ബൈപ്പാസായി ലിങ്ക് റോഡ് മാറും. കോട്ടയത്ത് കടവിൽ നിന്ന് കുരീപ്പുഴ പാണമുക്കത്തേക്കുള്ള പാലത്തിന് 65 കോടിയോളം രൂപ ചെലവ് വരുന്ന രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

പദ്ധതി പൂർത്തിയായാൽ നേട്ടങ്ങൾ

 കൊല്ലം നഗരത്തിന് ബൈപ്പാസ്: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ദേശീയപാത 66ലേക്ക് വേഗം എത്താം

 ദൂരം കുറയും: ഓലയിൽക്കടവ് ഭാഗത്ത് നിന്ന് ദേശീയപാത 66ലേക്കും കൊല്ലം-തേനി പാതയിലേക്കും നേരിട്ട് പ്രവേശനം

 സമയം ലാഭം: ചിന്നക്കട, ഹൈസ്കൂൾ ജംഗ്ഷൻ വഴിയുള്ള തിരക്ക് ഒഴിവാകും

 വികസനം: കടവൂർ, കുരീപ്പുഴ, കോട്ടയത്ത് കടവ് പ്രദേശങ്ങൾക്ക് വലിയ വികസന സാദ്ധ്യത

 ടൂറിസം: അഷ്ടമുടി കായൽ തീരത്തെ ടൂറിസം വികസനത്തിന് ഗുണകരം

ലിങ്ക് റോഡ് നാലാംഘട്ടം

 ഓലയിൽക്കടവ്- കടവൂർ പള്ളി വരെ
 492 മീറ്ററിൽ പാലം
 എസ്റ്റിമേറ്റ് ₹ 73.97 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL