SignIn
Kerala Kaumudi Online
Thursday, 04 June 2026 5.52 AM IST

ജില്ലയിൽ പട‌ർന്നുപിടിച്ച് മഞ്ഞപ്പിത്തം

manja

ഒരു മാസത്തിനിടെ

ചികിത്സയിൽ 82 പേർ

മരണം 3

കൊല്ലം: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടും ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ 82 പേർ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. മയ്യനാട്, പെരിനാട്, ശൂരനാട് നോർത്ത് എന്നിവിടങ്ങളിൽ മഞ്ഞപ്പിത്തം ബാധിച്ച് മൂന്നുപേ‌ർ മരിച്ചു.

സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇതര ചികിത്സാ മാർഗങ്ങൾ തേടുന്നവരുടെയും എണ്ണമെടുത്താൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം ഇതിലും ഉയരും. രോഗവ്യാപനം തടയുന്നതിന് രോഗബാധിത പ്രദേശങ്ങളിലെ ജലസ്രോതസുകളിൽ ആരോഗ്യവകുപ്പ് ക്ലോറിനേഷൻ നടപടികൾ ഊർജ്ജിതമാക്കി.

​രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മറ്റു അസുഖബാധിതരിലും ഹെപ്പറ്റൈറ്റിസ് രോഗബാധ പെട്ടെന്ന് ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാദ്ധ്യതയുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കുകയോ ശാസ്ത്രീയമല്ലാത്ത ചികിത്സാ മാർഗങ്ങൾ തേടുകയോ ചെയ്യരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. രോഗബാധിതർ കൃത്യമായി വിശ്രമിക്കേണ്ടതും അനിവാര്യമാണ്.

​പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, കണ്ണിനും മൂത്രത്തിനും മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കരളിന്റെ പ്രവർത്തനത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം. മഞ്ഞപ്പിത്തം പലപ്പോഴും മറ്റു പല രോഗങ്ങളുടെയും ലക്ഷണമായും കാണാറുണ്ട്. അതിനാൽ ശാസ്ത്രീയമായി രോഗനിർണ്ണയം നടത്തിയ ശേഷം മാത്രമേ ഹെപ്പറ്റൈറ്റിസിന് ചികിത്സയെടുക്കാൻ പാടുള്ളൂ.

മഴക്കാല പൂർവ ശുചീകരണം പാളി

 മഴക്കാല പൂർവ ശുചീകരണം മിക്കയിടങ്ങളിലും ഫലവത്തായില്ല

 ​രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ ആരോഗ്യ പ്രവർത്തകർ പ്രതിരോധ നടപടികൾ ശക്തമാക്കി

 വീടുകൾ കയറിയുള്ള ബോധവത്കരണം ആരംഭിച്ചു

 കിണറുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യാനുള്ള നടപടി ആരംഭിച്ചു

 ​തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം ഒഴിവാക്കുക

 ​കൈകൾ ആഹാരത്തിന് മുമ്പും ടോയ്‌ലെറ്റിൽ പോയ ശേഷവും സോപ്പുപയോഗിച്ച് കഴുകുക

 ​തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക

 ​തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക

ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം.

ആരോഗ്യവകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL