കൊല്ലം: ജില്ലയിൽ കാലവർഷം എത്തിയിട്ടും പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത കിഴക്കൻ മലയോര മേഖലകളിൽ ഉൾപ്പടെ ഇന്നലെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത മുൻനിറുത്തി ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത രണ്ട് ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും കൊട്ടാരക്കര മാങ്കോട് ചരുവിളപുത്തൻ വീട്ടിൽ പ്രദീപിന്റെ വീടിന് മുകളിൽ മരം കടപുഴകി വീട് ഭാഗികമായി തകർന്നു. റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. തിങ്കളാഴ്ച കോഴിക്കോട് മുതൽ കാസർകോട് വരെയും പത്തനംതിട്ട മുതിൽ പാലക്കാട് വരെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്.
കൺട്രോൾ റൂമുകൾ സജ്ജം
അടിയന്തര സാഹചര്യം നേരിടാൻ ജില്ലയിൽ താലൂക്ക് - ജില്ലാതല കൺട്രോൾ റൂമുകൾ 24 മണിക്കൂറും സജ്ജമായി. അപകടസാദ്ധ്യത മുന്നിൽ കാണുന്ന ഘട്ടങ്ങളിലും സഹായങ്ങൾക്കുമായി പൊതുജനങ്ങൾക്ക് 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
സുരക്ഷാ നിർദേശങ്ങൾ
യാത്രകൾ ഒഴിവാക്കുക: മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഉള്ള രാത്രിയാത്രകളും അനാവശ്യ യാത്രകളും പൂർണമായും ഒഴിവാക്കണം.
ജലാശയങ്ങളിൽ ഇറങ്ങരുത്: നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുന്നതും സെൽഫിയെടുക്കുന്നതും നിരോധിച്ചു.
മാറി താമസിക്കണം: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |