SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.22 AM IST

അഷ്ടമുടി കായൽ കോടതിയലക്ഷ്യ കേസിൽ മാപ്പപേക്ഷയുമായി പരിസ്ഥിതി വകുപ്പ്

കൊല്ലം: അഷ്ടമുടി കായലിന്റെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി മുമ്പാകെ സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തു.

ഹൈക്കോടതി വിധി നടപ്പാക്കുന്നതിലുണ്ടായ ഭരണപരമായ താമസം ചൂണ്ടിക്കാട്ടി പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സത്യവാങ്മൂലത്തിൽ നിരുപാധിക ക്ഷമാപണവും നടത്തി. ബാക്കി നിർദേശങ്ങൾ പൂർണമായി നടപ്പാക്കുന്നതിനായി രണ്ട് മാസത്തെ അധിക സമയം അനുവദിക്കണമെന്ന അപേക്ഷയും സത്യവാങ്മൂലത്തിലുണ്ട്.

അഷ്ടമുടി കായൽ സംരക്ഷണത്തിന് കൃത്യമായ ചട്ടക്കൂട് രൂപീകരിക്കാൻ ആവശ്യപ്പെട്ട് 2025 ജൂലായ് 29ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാൻ വൈകിയെന്ന് ആരോപിച്ച് അഡ്വ. ബോറിസ് പോൾ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. കോടതി വിധിയിലെ ആദ്യ നിർദേശപ്രകാരം 'അഷ്ടമുടി വെറ്റ്‌ലാൻഡ് മാനേജ്‌മെന്റ് യൂണിറ്റ്' രൂപീകരിച്ച് സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സ്റ്റേറ്റ് വെറ്റ്‌ലാൻഡ് അതോറിറ്റി കേരള മെമ്പർ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് ഓൺലൈൻ മുഖേന ഈ യൂണിറ്റിന്റെ ആദ്യ യോഗം ചേർന്നു. എന്നാൽ നാളിതുവരെ ഒരു ഓഫീസ് സംവിധാനം പോലും ഉണ്ടാക്കിയിട്ടില്ല.

കോടതിവിധി പ്രഹസനമാക്കാനുള്ള നടപടി അനുവദിക്കില്ലെന്നും കോടതിയലക്ഷ്യ നടപടികൾ തുടരുമെന്നും കേസിലെ വാദിയായ അഡ്വ. ബോറിസ് പോൾ പറഞ്ഞു. കോടതിയലക്ഷ്യക്കേസ് ഈമാസം 11ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.

സമയം നീട്ടി ചോദിക്കുന്നത്
കോടതിയുടെ ബാക്കി നിർദേശങ്ങൾ നടപ്പാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ തയ്യാറാക്കൽ, ഓഡിയോ-വിഷ്വൽ ഫീഡ്‌ബാക്ക് സംവിധാനത്തോട് കൂടിയ പ്രത്യേക വെബ്‌സൈറ്റ് നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾക്കും ഫണ്ടിംഗിനുമുള്ള ക്രമീകരണങ്ങൾ, സമഗ്രമായ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കൽ എന്നിവ വിവിധ ഏജൻസികളുടെയും പങ്കാളികളുടെയും സഹകരണത്തോടെ മാത്രം ചെയ്യേണ്ട സമയമെടുക്കുന്ന പ്രക്രിയകളാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL