SignIn
Kerala Kaumudi Online
Friday, 12 June 2026 6.28 AM IST

സ്ത്രീകൾക്ക് സൗജന്യ യാത്ര ... കണ്ടക്ടറുടെയും ഡ്രൈവറുടെയും കളക്ഷൻ ബാറ്റ സ്വാഹ

bus

കൊല്ലം: ഓർഡിനറി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര ആരംഭിക്കുന്നതോടെ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും കളക്ഷൻ അടിസ്ഥാനമാക്കി കിട്ടിയിരുന്ന ഇൻസെന്റീവ് ബാറ്റ മിനിമം തുകയായ 30 രൂപയിലേക്ക് ഇടിയും. ഇതോടെ പരമാവധി യാത്രക്കാരെ കയറ്റാൻ ജീവനക്കാർ നടത്തുന്ന ശ്രമം ഇല്ലാതായി വരുമാനം കൂടുതൽ കുറയും.

ഓർഡിനറി ബസുകളിൽ 7500 രൂപ വരെയുള്ള കളക്ഷന് ഡ്രൈവർക്കും കണ്ടക്ടർക്കും 30 രൂപ വീതമാണ് ബാറ്റ. ഒന്നര ഡ്യൂട്ടിലിയിലെ വരുമാനം പതിനായിരം കവിഞ്ഞാൽ 110 രൂപ വീതം ബാറ്റ കിട്ടും. ഡബിൾ ഡ്യൂട്ടിയിലെ കളക്ഷൻ 18000 രൂപയ്ക്ക് മുകളിലാണെങ്കിൽ 170 രൂപ വീതമാണ് ബാറ്റ. ജില്ലയിലെ ഓർഡിനറി ഷെഡ്യൂളുകളിൽ വലിയൊരു വിഭാഗത്തിനും 12000 രൂപയ്ക്ക് മുകളിലാണ് വരുമാനം. കൊല്ലം- കൊട്ടാരക്കര, കൊല്ലം- പത്തനംതിട്ട, കൊല്ലം- കുളത്തൂപ്പുഴ അടക്കമുള്ള കൊല്ലം ഡിപ്പോയിൽ നിന്നുള്ള ചെയിൻ സർവീസുകളുടെ ഒരു ദിവസത്തെ കളക്ഷൻ ഇരുപതിനായിരത്തിലധികമാണ്. അവധി കഴി‌ഞ്ഞുള്ള ദിവസം പല ചെയിൻ സർവീസുകളിലെയും കളക്ഷൻ 25000 കടക്കും.

നിലവിൽ സീനിയർ ജീവനക്കാരാണ് ഓർഡിനറി സർവീസുകളിൽ കൂടുതലായി ഡ്യൂട്ടിക്ക് പോകുന്നത്. ഇൻസെന്റീവ് ബാറ്റ ഇടിയുന്നതോടെ ഓർഡിനറിയിൽ ഡ്യൂട്ടി ചെയ്യാൻ ജീവനക്കാർ വിമുഖത കാട്ടും. ഒരു ജീവനക്കാരന് ഒരുമാസം 26 ഡ്യൂട്ടി കിട്ടുന്നതാണ്. ഇത് 13 ഡബിൾ ഡ്യൂട്ടിയായി ചെയ്യുന്നവർക്ക് മാസം 1430 രൂപ ഇൻസെന്റീവ് ബാറ്റയായി ലഭിക്കുന്നുണ്ട്.

വരുമാനം 60% ഇടിയും

 ഓർഡിനറി ബസുകളിലെ യാത്രക്കാരിൽ അറുപത് ശതമാനത്തോളം സ്ത്രീകൾ

 യാത്ര സൗജന്യമാകുന്നതോടെ വരുമാനം അറുപത് ശതമാനത്തോളം ഇടിയും

 ഭൂരിഭാഗം സർവീസുകളുടെയും വരുമാനം 7500 രൂപയിൽ താഴെയാകും

 ഇതോടെ ഇൻസെന്റീവ് ബാറ്റ മിനിമം തുകയായ 30 രൂപയിലേക്ക് ഇടിയും

ജില്ലയിൽ ഓർഡിനറി ഷെഡ്യൂൾ

374

നിലവിലേത് പോലെ ടിക്കറ്റ് നൽകണം

നിലവിലേത് പോലെ സ്ത്രീകൾക്ക് ടിക്കറ്റ് നൽകി സർവീസുകളുടെ ആകെ വരുമാനം കണക്കാക്കി ഇൻസെന്റീവ് ബാറ്റ നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. സ്ത്രീകളുടെ ടിക്കറ്റ് വാറണ്ടിലേത് പോലെ ബാഗ് കളക്ഷനിൽ നിന്ന് ഒഴിവാക്കി ഡിപ്പോയിൽ അടയ്ക്കുന്ന സംവിധാനം ഒരുക്കണമെന്നും ജീവനക്കാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL