
കൊല്ലം: കൊല്ലം താലൂക്കിലെ ഏറ്റവും വിസ്തൃതിയുള്ള വില്ലേജുകളിലൊന്നായ വടക്കേവിളയിൽ കഴിഞ്ഞ 24 ദിവസമായി വില്ലേജ് ഓഫീസറില്ല. വിവിധ കോഴ്സുകളുടെ പ്രവേശന സമയത്ത് സമർപ്പിക്കാനുള്ള സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷ നൽകിയ വിദ്യാർത്ഥികൾ വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ നെട്ടോട്ടമോടുകയാണ്.
വരുമാന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ്, പോക്കുവരവ് തുടങ്ങിയവ വില്ലേജ് ഓഫീസറാണ് പാസാക്കേണ്ടത്. ഓൺലൈനായി ഇത്തരം സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷ നൽകിയവർ ദിവസങ്ങൾ പിന്നിട്ടിട്ടും ലഭിക്കാത്തതിനാൽ വില്ലേജ് ഓഫീസ് പലതവണ കയറിയിറങ്ങേണ്ട അവസ്ഥയാണ്. സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിച്ചവരും വില്ലേജ് ഓഫീസിലെ ജീവനക്കാരും തമ്മിൽ വാക്കുതർക്കവും പലദിവസങ്ങളിലും ഉണ്ടാകുന്നുണ്ട്. പോക്കുവരവിനുള്ള അപേക്ഷകളിൽ തീർപ്പാകാത്തതിനാൽ പല പുതിയ ആധാരങ്ങൾക്കും നികുതി അടയ്ക്കാനും കഴിയുന്നില്ല. സ്ഥല പരിശോധന ആവശ്യമുള്ള പല അപേക്ഷകളും തീർപ്പാകാനുണ്ട്.
ഭരണാനുകൂലിക്കായി കസേരകളി
കഴിഞ്ഞമാസം 30നാണ് വടക്കേവിള വില്ലേജ് ഓഫീസർ വിരമിച്ചത്. വലിയ ജോലിഭാരമുള്ള കിളികൊല്ലൂർ വില്ലേജ് ഓഫീസർക്കാണ് താത്കാലിക ചുമതല. ഭരണാനുകൂലിക്ക് കസേര നൽകാനാണ് ജനങ്ങളെ ദുരിതത്തിലാക്കി വില്ലേജ് ഓഫീസർ നിയമനം നീട്ടുന്നതെന്നാണ് ആരോപണം.
കടപ്പാക്കട മുതൽ മേവറം വരെയും പോളയത്തോട് മുതൽ ഡീസന്റ് മുക്ക് വരെയുമാണ് വടക്കേവിള വില്ലേജ് ഓഫീസിന്റെ പരിധി.
അടുത്തിടെ ഡിജിറ്റൽ സർവേ പൂർത്തിയായ കിളികൊല്ലൂരിൽ അതുമായി ബന്ധപ്പെട്ട അപേക്ഷകൾ വലിയളവിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കിളികൊല്ലൂർ വില്ലേജ് ഓഫീസർക്ക് വടക്കേവിള വില്ലേജിലെ വിവിധ അപേക്ഷകൾ തീർപ്പാക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |