കൊല്ലം: ലഹരി വ്യാപനത്തിനെതിരെ സർക്കാർ സംവിധാനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ പൊതുസമൂഹവും അണിനിരക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ തൂഫാൻ ലഹരി പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച 'തൂഫാനൊപ്പം എന്റെ വിദ്യാലയം' പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ തൂഫാനിലൂടെ ഒരുമാസത്തിനുള്ളിൽ സംസ്ഥാനത്ത് 4500 ലഹരി കേസുകളെടുത്തു. 5600 പേരെ അറസ്റ്റ് ചെയ്തു. 40 കോടി രൂപയോളം വിലമതിക്കുന്ന ലഹരിവസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും വിലങ്ങുവീഴും. രാസലഹരി, ഹൈബ്രിഡ് ലഹരിവസ്തുക്കൾ എന്നിവയുടെ വ്യാപനം ചെറുക്കാൻ നിരീക്ഷണസംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ ഡോ.പോൾ ആന്റണി മുല്ലശേരിയെ മന്ത്രി തൂഫാൻ ബാഡ്ജ് അണിയിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ മന്ത്രി ചൊല്ലി. ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധമത്സരങ്ങളുടെ വിജയികൾക്ക് മന്ത്രി പുരസ്കാരം നൽകി.
കേരള കാത്തലിക് ടീച്ചേഴ്സ് പ്രസിഡന്റ് ടോം മാത്യു അദ്ധ്യക്ഷനായി. ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശേരി കാത്തലിക് ടീച്ചേഴ്സ് ട്രഷറർ റോബിൻ മാത്യു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |