കൊട്ടാരക്കര: യാതൊരുവിധ ഗതാഗത പരിഷ്കാരങ്ങളും നടന്നിട്ടില്ലാത്ത കൊട്ടാരക്കര ചന്തമുക്കിൽ ഗതാഗതക്കുരുക്ക് മുറുകുന്നു, ട്രാഫിക് സിഗ്നൽ ലൈറ്റ് വേണമെന്ന ആവശ്യം പോലും ഇന്നേവരെ നടന്നിട്ടില്ല.
കൊല്ലം-തിരുമംഗലം ദേശീയപാതയും കരുനാഗപ്പള്ളി- കൊട്ടാരക്കര റോഡും സംഗമിക്കുന്ന ചന്തമുക്കിൽ എപ്പോഴും വാഹനത്തിരക്കാണ്. പൊരിവെയിലത്ത് നിന്നുകൊണ്ട് ഗതാഗത നിയന്ത്രണത്തിന് ശ്രമിക്കുന്ന പൊലീസുകാരുടെ അവസ്ഥയും കഷ്ടമാണ്. ദേശീയപാതയിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഭാഗമായി കൊട്ടാരക്കര ചന്തമുക്ക് മാറിയിട്ടുണ്ട്. ഓണക്കാലം അടുത്തെത്തിയിട്ടും ഗതാഗത പ്രശ്നങ്ങളിൽ ഇടപെടാൻ നഗരസഭയോ പൊലീസോ ശ്രമിക്കുന്നില്ല. സാംസ്കാരിക സമുച്ചയ നിർമ്മാണത്തിനായി ആകെയുള്ള പാർക്കിംഗ് ഗ്രൗണ്ട് അടച്ചതിനാൽ ഈ ഓണക്കാലം കൂടുതൽ ദുരിതത്തിലാകും.
രണ്ടു റോഡുകൾ സംഗമിക്കുന്നതിന് തൊട്ടടുത്താണ് കൊട്ടാരക്കര- ഓയൂർ റോഡ് എത്തിച്ചേരുന്നത്. ജംഗ്ഷന് സമീപമാണ് കുലശേഖരപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇവിടേക്കുള്ള വാഹനങ്ങൾ തിരിയുമ്പോൾ കുരുക്കുകൂടും. മറുവശത്ത് ഓട്ടോ സ്റ്റാൻഡാണ്.
തട്ടിക്കൂട്ട് ട്രാഫിക് ഐലൻഡ്
നഗരസഭ മുൻകൈയെടുത്താണ് ചന്തമുക്കിൽ തട്ടിക്കൂട്ട് ട്രാഫിക് ഐലൻഡ് സ്ഥാപിച്ചത്. എന്നാൽ ഇതുവരെ ഒരു പൊലീസുകാരനും ഇതിൽ കയറിയിട്ടില്ല! അതിനുള്ള സൗകര്യവുമില്ല. നടുറോഡിൽ നിന്ന് വെയിലത്തും മഴയത്തും ഗതാഗത നിയന്ത്രണം നടത്തേണ്ട ഗതികേടിലാണ് പൊലീസുകാർ. എന്നിട്ടും ഗതാഗതകുരുക്കിന് യാതൊരു മാറ്റവുമില്ല. ഇവിടെ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തിരക്കേറിയ ടൗൺ ആയിട്ടും അധികൃതർ ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടുന്നില്ല.
പരാധീനതകൾ ഏറെ
താലൂക്ക് ആശുപത്രി, മാർക്കറ്റ്, സിനിമ തീയേറ്റർ, കടകൾ ഉൾപ്പെട നിരവധി സ്ഥാപനങ്ങളുള്ള ജംഗ്ഷൻ
റോഡിന് വീതികൂട്ടൽ ജോലികൾ പതിറ്റാണ്ടുകളായി നടന്നിട്ടില്ല.
സാംസ്കാരിക സമുച്ചയം പൂർത്തിയാകുമ്പോൾ ഗതാഗതക്കുരുക്ക് കൂടും
മുൻസിപ്പൽ മൈതാനം ഇല്ലാതെയായി, പാർക്കിംഗിന് സ്ഥലമില്ല
ഓണക്കാല തിരക്കിൽ പാർക്കിംഗിന് കൂടുതൽ സ്ഥലം വേണ്ടിവരും
ഓടകളുടെ മേൽമൂടികൾ പലേടത്തും തകർന്നു, കാൽനട യാത്രികർക്ക് ഭീഷണി
തിരക്കേറിയ ടൗണിൽ ഒരേയൊരു വെയിറ്റിംഗ് ഷെഡ് മാത്രം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |