SignIn
Kerala Kaumudi Online
Sunday, 09 August 2026 4.35 AM IST

കരുനാഗപ്പള്ളി മാർക്കറ്റിൽ മോഷണം വ്യാപകം

കരുനാഗപ്പള്ളി: നഗരത്തിലെ പ്രധാന വ്യവസായ കേന്ദ്രമായ മാർക്കറ്റിൽ ഒന്നിലധികം കടകളിൽ വ്യാപക മോഷണം. പണവും സാധനങ്ങളും നഷ്ടപ്പെട്ട സംഭവത്തിൽ വ്യാപാരികളുടെ പരാതിയെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെ മോഷണം

മാർക്കറ്റിലെ എൻ.എസ്. ഇലക്ട്രിക്കൽസ് ഉടമ രാജീവന്റെ കടയിൽ കയറിയ മോഷ്ടാക്കൾ മേശയിൽ സൂക്ഷിച്ചിരുന്ന 70,000 രൂപ കവർന്നു. കടയുടെ എക്‌സ്‌ഹോസ്റ്റ് ഫാൻ ഇരുന്ന ഭാഗത്തെ ഹോൾ വഴിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അതേസമയം കടയിലുണ്ടായിരുന്ന ഇലക്ട്രിക്കൽ സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉടമ അറിയിച്ചു.

മറ്റു കടകളുടെ ഷീറ്റും ഷട്ടറും തകർത്തു

സമീപത്തെ സി.വി ഇലക്ട്രിക് കടയുടെ ഷീറ്റ് പൊളിച്ച് അകത്തുകടന്ന സംഘം പേഴ്‌സിലുണ്ടായിരുന്ന പണം കവർന്നു. പുഷ്പന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയുടെ ഷട്ടർ തകർത്ത് അകത്തുകടന്ന് മേശയിലുണ്ടായിരുന്ന 2,000 രൂപയും മോഷ്‌ടിച്ചു. തൊട്ടടുത്തുള്ള കോഴിക്കടയിലും സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ട്.

 സൂപ്പർമാർക്കറ്റിലും പാത്രക്കടയിലും ശ്രമം പരാജയപ്പെട്ടു

വേലിയിൽ പാത്രക്കട, ജി.ഐ.ടി. സൂപ്പർമാർക്കറ്റ് എന്നീ സ്ഥാപനങ്ങളിലും മോഷ്ടാക്കൾ പ്രവേശിച്ചെങ്കിലും പണമൊന്നും കണ്ടെത്താനാകാത്തതിനാൽ ഇവിടെ നിന്ന് കാര്യമായ നഷ്ടമൊന്നും ഉണ്ടായിട്ടില്ല.

സംഭവത്തിൽ വ്യാപാരികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.

 പ്രതിഷേധ യോഗം

മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചയായുണ്ടാകുന്ന മോഷണങ്ങളിൽ പ്രതിഷേധിച്ച് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കടകളിൽ കവർച്ച നടത്തുന്ന മോഷ്ടാക്കളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.

മാർക്കറ്റിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും വ്യാപാരികളുടെ സഹകരണത്തോടെ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണ സംവിധാനം ഊർജ്ജിതമാക്കണമെന്നും യോഗം പ്രധാനമായും ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ശ്രീകുമാർ വള്ളിക്കാവ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ട്രഷറർ നിജാം ബഷീർ ഉദ്ഘാടനം ചെയ്തു. ഡോ. ബി.ആർ. പ്രസാദ്, സിദ്ദിക് മണ്ണാന്റയ്യം, റൂഷാ പി. കുമാർ, ഷംസുദ്ദീൻ വെളുത്തമണൽ, അഷറഫ് പള്ളത്തുകാട്ടിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL