കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഈ.ടി.സി മുക്കോട് ഭാഗത്തുള്ള മുക്കോട് തോട് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിൽ. അലക്ഷ്യമായി തള്ളുന്ന മാലിന്യങ്ങൾ കാരണം പ്രദേശത്ത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് ഉടലെടുക്കുന്നത് .
ദുർഗന്ധവും രോഗഭീതിയും
പരിസരത്തെത്തുന്നവരും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും പാഴ്വസ്തുക്കൾ അലക്ഷ്യമായി തോട്ടിലേക്ക് വലിച്ചെറിയുന്നതാണ് നീരൊഴുക്ക് തടസപ്പെടാൻ കാരണം. പ്ലാസ്റ്റിക് കുപ്പികളും കവറുകളും അടിഞ്ഞുകൂടി വെള്ളം കെട്ടിക്കിടന്ന് അസഹ്യമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. കൂടാതെ കൊതുകും ഈച്ചയും പെരുകി രോഗവ്യാപന ഭീഷണിയും ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്.
നാട്ടുകാർ ദുരിതത്തിൽ
മുമ്പ് പ്രദേശവാസികൾ കുളിക്കാനും തുണിയലക്കാനും ആശ്രയിച്ചിരുന്ന പ്രധാന ജലസ്രോതസാണ് ഇതോടെ പൂർണമായും ഉപയോഗശൂന്യമായത്. തോടിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആരോഗ്യ വകുപ്പിനും തദ്ദേശ സ്വയംഭരണ അധികാരികൾക്കും നിവേദനം നൽകി. ഈയംകുന്ന് വാർഡ് കൗൺസിലർ ആൻസിമോളും ആരോഗ്യ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.
മൊബൈൽ കടയ്ക്ക് താക്കീത്
പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. തോടിൽ അടിഞ്ഞുകൂടിയ മാലിന്യത്തിൽ പുലമൺ ജംഗ്ഷനിലെ ഒരു മൊബൈൽ സ്ഥാപനത്തിന്റെ കവറുകൾ കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന്, പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് സ്ഥാപനത്തിന് അധികൃതർ താക്കീത് നൽകി. എന്നാൽ തോട് വൃത്തിയാക്കാനുള്ള ശാശ്വത നടപടികൾ വൈകുന്നതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |