
കൊല്ലം: പെരയം പഞ്ചായത്തിലെ പടപ്പക്കര, കുമ്പളം പ്രദേശങ്ങളിൽ യാത്രാദുരിതം രൂക്ഷമായിട്ടും യാതൊരു നടപടിയുമില്ല. പത്തു വർഷമായി ജനങ്ങൾ ഇത് സഹിക്കുന്നു. രാവിലെയും വൈകിട്ടും പ്രദേശത്തേക്ക് ബസ് സർവീസുകൾ ഇല്ല. വിദ്യാർത്ഥികളും ജീവനക്കാരും അടക്കമുള്ള യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കാഞ്ഞിരകോട്, പെരയം, കുമ്പളം, പടപ്പക്കര പ്രദേശങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൊല്ലത്തെ മറ്റ് സ്ഥാപനങ്ങളിലും പോകുന്ന വിദ്യാർത്ഥികളും സ്ഥിരം യാത്രികരും സ്വന്തം നിലയിൽ യാത്രാ മാർഗങ്ങൾ അന്വേഷിക്കേണ്ട ഗതികേടിലാണ്.
പടപ്പക്കരയിൽ നിന്ന് തിരുവനന്തപുരം, പുനലൂർ, പത്തനാപുരം, കരുനാഗപ്പള്ളി, പരവൂർ-പൊഴിക്കര ഭാഗങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിലച്ചതാണ് പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാക്കിയത്. കൊല്ലം ഡിപ്പോയിൽ നിന്നുണ്ടായിരുന്ന നാല് ഡബിൾ ഡ്യൂട്ടി സർവീസുകളും കൊട്ടാരക്കരയുടെ രണ്ട് ട്രിപ്പുകളും കുമ്പളത്തേക്ക് ഉണ്ടായിരുന്ന ഒരു ഡബിൾ ഡ്യൂട്ടി സർവീസും പൂർണമായും ഇല്ലാതായി. നിലവിൽ രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെ ഒന്നിടവിട്ട ക്രമീകരണത്തിൽ മൂന്ന് ബസുകൾ മാത്രമാണ് പടപ്പക്കരയിലേക്ക് സർവീസ് നടത്തുന്നത്. അടിസ്ഥാന യാത്രാസൗകര്യങ്ങൾ ഇല്ലാതായതോടെ പ്രദേശവാസികൾ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വർഷങ്ങളായി തുടരുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പടപ്പക്കര വികസന സമിതി ഗതാഗത വകുപ്പ് മന്ത്രിക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകി.
ചെറിയൊരു ക്രമീകരണം മതി
കൊല്ലം ഡിപ്പോയിൽ നിന്ന് പടിഞ്ഞാറേക്ക് കല്ലട എച്ച്.എസ്.എസിന്റെ സൗകര്യത്തിനായി ഓടുന്ന മെഡിക്കൽ കോളേജ് ബസ് സർവീസ് ഒരു മണിക്കൂർ നേരത്തെയാക്കിയാൽ പട്ടപ്പക്കര വഴി സർവീസ് നടത്താൻ സാധിക്കും. കുമ്പളം വഴി പട്ടപ്പക്കരയിലേക്ക് കൂടുതൽ സർവീസുകൾ പുനഃസ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കണന്നും വികസന സമിതി നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ കൊല്ലം ഡിപ്പോയിൽ നിന്നുള്ള സർവീസ് ഡബിൾ ഡ്യൂട്ടി ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചരിത്ര പ്രാധാന്യവും പ്രകൃതി രമണീയവുമായ പടപ്പക്കരയെ പൂർണമായും അവഗണിക്കുന്ന നിലയാണ് തുടരുന്നത്. നിറുത്തലാക്കിയ സർവീസ് പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കണം
പടപ്പക്കര ജെ. ഷാജി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |