
പാലാ : ആവേശം നിറഞ്ഞ പോരാട്ടത്തിൽ സംസ്ഥാന വെറ്റൻസ് കായികമേളയിൽ കിരീടം ചൂടി കോട്ടയം. 508പോയിന്റോടെ കോട്ടയം ഒന്നാമതെത്തിയപ്പോൾ, 445 പോയിന്റുമായി തിരുവനന്തപുരവും, 367പോയിന്റുമായി തൃശ്ശൂരും രണ്ടും, മൂന്നും സ്ഥാനം നേടി. വനിതാ വിഭാഗത്തിലും കോട്ടയം ജേതാക്കളായി. വിജയികൾക്ക് പാലാ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ലീന സണ്ണി പുരയിടം കെ.എം. മാണി സ്മാരക ട്രോഫി വിതരണം ചെയ്തു. വാഫി സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. ഗിരീശൻ, അഖിലേന്ത്യ എക്‌സിക്യുട്ടീവ് മെമ്പർ ശ്രീകല ജി,ജോയിന്റ് സെക്രട്ടറിമാരായ അഡ്വ. എം.ആർ. മനോജ്കുമാർ, അലി പുള്ളിക്കുടി, കെ.ജി.എസ്. കുമാർ,ടോബിൻ കെ. അലക്‌സ്, അഡ്വ. എം.ബി. രഘുനാഥൻ നായർ തുടങ്ങിയവർ ആശംസകൾനേർന്നു. കോട്ടയത്തിനായി കെ.സി.ജോസഫ്, എ.ജെ. മാത്യു, അഡ്വ. ബിനു തങ്കൻ, കറിയാച്ചൻ രാമപുരം തുടങ്ങിയവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.
ക്യാൻസറും സുല്ലിട്ടു , ലിജോമോളുടെ
സ്വർണ്ണ തേരോട്ടത്തിന് മുന്നിൽ
ക്യാൻസറിനെ അതിജീവിച്ച കരുത്തുമായി കളിക്കളത്തിലിറങ്ങിയ ലിജോമോൾ തോമസിന് നാല് സ്വർണ്ണം. 40 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ച മുൻ ദേശീയ കായികതാരം കൂടിയായ ലിജോ 100, 200, 400, ലോഗ്ജംപ് ഇനങ്ങളിലാണ് ഒന്നാമതെത്തിയത്. കോളേജ് പഠനകാലത്ത് 100, 200 മീറ്ററുകളിൽ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഇവർ പാലാ അൽഫോൻസാ കോളേജിന്റെ അഭിമാന താരമായിരുന്നു. നാല് വർഷം മുമ്പാണ് കഴുത്തിലെ മുഴയുടെ രൂപത്തിൽ ക്യാൻസർ പ്രത്യക്ഷപ്പെട്ടത്. എന്നിട്ടും തളർന്നില്ല. അസുഖം പൂർണ്ണമായും ഭേദമായതോടെ കാൽനൂറ്റാണ്ടിന് ശേഷം ലിജോമോൾ വീണ്ടും കളിക്കളത്തിൽ ഇറങ്ങി. ജി.എസ്.ടി. ഡിപ്പാർട്ടുമെന്റിൽ ഉദ്യോഗസ്ഥനായ അതിരമ്പുഴ ഇലഞ്ഞിയിൽ തോമസ് സേവ്യറാണ് ഭർത്താവ്. റിച്ചാർഡ്, ലോറാ തോമസ്, ലെനോറ തോമസ് എന്നിവരാണ് മക്കൾ.
ഓടി തോൽപ്പിക്കാനാവില്ല ഈ ഡോക്ടറെ
വെറ്ററൻസ് സംസ്ഥാന കായികമേളയിലെ ഏക വനിതാ ഡോക്ടർ ധന്യയ്ക്കുമുണ്ട് രണ്ട് സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും. 40 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 1500 മീറ്റർ, 800 മീറ്റർ ഓട്ടങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച ഡോ. ധന്യ പി. വാവ എറണാകുളം പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ്. തിരുവനന്തപുരം മെഡിക്കൽ കേളേജിൽ നിന്ന് എം.ബി.ബി.എസും എം.എസും ഉയർന്ന റാങ്കിൽ പാസായ ധന്യ ആദ്യമായാണ് സംസ്ഥാന വെറ്ററൻസ് കായികമേളയിൽ പങ്കെടുക്കുന്നത്. 400, 4x100 റിലേയിൽ വെള്ളിയും 200 മീറ്റർ ഓട്ടത്തിൽ വെങ്കലവും കരസ്ഥമാക്കി. മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോ. പ്രശാന്താണ് ഭർത്താവ്. എട്ടാം ക്ലാസിൽ പഠിക്കുന്ന ജാനകി ഏക മകളാണ്.
സ്വർണ്ണ വേട്ട തുടർന്ന് രാജം ഗോപി
65 വയസ് കഴിഞ്ഞവരുടെ വിഭാഗത്തിലെ ഏക ഇന്റർനാഷണൽ താരം രാജം ഗോപി പാലാ സ്റ്റേഡിയത്തിൽലും സ്വർണ്ണവേട്ട തുടർന്നു. 5 കിലോമീറ്റർ നടത്തിലും ലോംഗ്ജംപിലും 200 മീറ്ററിലും സ്വർണ്ണം നേടി. 100 മീറ്ററിലും 4x100 മീറ്ററിലും വെള്ളിയും നേടി. എറണാകുളം കമ്മട്ടിപ്പാടം സ്വദേശിനിയാണ്. 16 ഏഷ്യൻ മീറ്റുകളിലും 5 ലോക മീറ്റുകളിലും പങ്കെടുത്തിട്ടുള്ള രാജം മുംബയ്, ദില്ലി, കൊച്ചി മാരത്തൺ മത്സരങ്ങളിലെ വിജയിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |