
കോട്ടയം : നാടെങ്ങും കുറുവാ സംഘങ്ങളുടെ ഭീതിയിലായതോടെ അവസരം മുതലെടുത്ത് നാടൻ കള്ളൻമാരും പണി തുടങ്ങി. മോഷണം നടത്തി കുറവാ സംഘങ്ങളെന്ന് വരുത്തി തീർക്കുകയാണ് തന്ത്രം. ജില്ലയിൽ വിവിധയിടങ്ങളിൽ അടുത്തിടെയുണ്ടായ മോഷണങ്ങൾക്ക് കുറവാ സംഘവുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.
കുറവാപ്പേടിയിൽ വീട്ടുകാർ നേരത്തെ കതകടച്ച് ഉറങ്ങുന്നത് മുതലെടുക്കുകയാണ് നാടൻ സംഘങ്ങൾ. മുറ്റത്തെ പാത്രവും ഒട്ടുപാലും ഷീറ്റും ഉൾപ്പെടെ കൈയിൽ കിട്ടുന്നതൊക്കെയെടുത്ത് മുങ്ങുകയാണ് ഒരു വിഭാഗം. കഴിഞ്ഞദിവസം വെള്ളൂരിൽ കുറുവാ സംഘമെന്ന പേരിൽ മോഷണം നടത്തിയതും ഇത്തരക്കാരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ചുറ്റുമുള്ള തമിഴ്നാട് സ്വദേശികളായ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുറുവാ സംഘങ്ങൾ സ്വർണാഭരണങ്ങളിലാണ് ശ്രദ്ധയൂന്നത്. ആക്രമിച്ച് മോഷണം നടത്തുന്നതും ഇവരുടെ രീതിയാണ്. അതേസമയം പട്രോളിംഗ് ശക്തമാക്കിയിട്ടും ചെറുകിട മോഷ്ടാക്കളെ പിടികൂടാത്തത് പൊലീസിനെതിരെ വിമർശനത്തിന് കാരണമായിട്ടുണ്ട്.
മോഷണം വ്യാപകം
ജില്ലയുടെ കിഴിക്ക്, പടിഞ്ഞാറ് മേഖലകളിൽ അടുത്തിടെ വ്യാപക മോഷണമാണ്. ആക്രിപെറുക്കാനെന്ന വ്യാജേന പകൽ സമയം വീട് നോക്കിവച്ച് മോഷണം നടത്തുന്നവരുമുണ്ട്. എന്നാൽ ഇവരൊന്നും കുറവാ സംഘമല്ലെന്ന് ഉറപ്പിക്കുന്നു പൊലീസ്. ജില്ലയിൽ ഈയിടെയുണ്ടായ മോഷണങ്ങളൊന്നും കുറവാ സംഘത്തിന്റെ രീതിയിലല്ലെന്നും പൊലീസ് പറയുന്നു.
വിളിക്കാം 112ൽ
കള്ളൻമാരുടെ സാന്നിദ്ധ്യമുണ്ടായാൽ 112ൽ വിളിക്കുകയാണ് ഏറ്റവും ഉചിതമെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് പറയുന്നു. ഈ നമ്പരിലേയ്ക്കുള്ള കോളുകൾ ലഭിച്ചാൽ പൊലീസ് സ്ഥലത്തെത്തിയ സമയവും പ്രശ്നം പരിഹരിച്ച സമയവും തിരുവനന്തപുരത്ത് നിന്ന് മോണിട്ടർ ചെയ്യും. ഈ സാഹചര്യത്തിൽ സ്റ്റേഷനിലേയ്ക്ക് വിളിക്കുന്നതിലും ഉചിതം 112ലേയ്ക്ക് വിളിക്കുന്നതാണെന്നും ഷാഹുൽ ഹമീദ് പറയുന്നു.
ജാഗ്രതയിൽ പൊലീസ്
രാത്രിയിൽ പൊലീസ് നിരീക്ഷണം
പ്രായമായവർ ഒറ്റയ്ക്ക് താമസിക്കുന്നയിടങ്ങളിൽ പ്രത്യേക നിരീക്ഷണം
റസിഡൻസ് അസോയിഷേനുകൾക്ക് പ്രത്യേക നിർദ്ദേശം
സ്വർണവും മറ്റും ലോക്കറുകളിൽ സൂക്ഷിക്കാനും നിർദേശം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |