
കോട്ടയം : ''നാടിന് അന്നം നൽകുന്ന കർഷകരോട് ഇനിയും കടം പറയരുത്. സംഭരിച്ച നെല്ലിന്റെ വില നൽകാതെ കതിരണിഞ്ഞ പാടങ്ങളെ തരിശു ഭൂമിയാക്കരുത്. കഷ്ടപ്പാടിന്റെ വിലയാണ്. അത് ലഭിക്കാനാണ് അവരുടെ ഈ കാത്തിരിപ്പ്. സപ്ലൈകോ നെല്ല് സംഭരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പണത്തിനായി ബാങ്കുകൾ കയറിയിറങ്ങുകയാണ് പലരും. പുതുവർഷത്തിലും ഇതിന് മാറ്റമില്ല. കള നീക്കാൻ പോലും കർഷകരുടെ കൈയിൽ തുകയില്ലാത്ത അവസ്ഥയാണ്. സിബിൽ സ്‌കോറിനെയും ഇത് ബാധിക്കുന്നുണ്ട്. സ്വർണം പണയപ്പെടുത്തിയും വായ്പയെടുത്തുമാണ് പലരും കൃഷിയിറക്കുന്നത്. ജില്ലയിൽ ഡിസംബർ 31 വരെ 40.95 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. കർഷകർക്ക് നൽകിയത് 3.43 കോടി. സെപ്തംബറിൽ ആരംഭിച്ച നെല്ല് സംഭരണം ഡിസംബർ 31 ന് 99 ശതമാനവും പൂർത്തിയായിരുന്നു. പുഞ്ചക്കൃഷിയുടെ കൊയ്ത്ത് അടുത്ത മാസം മുതൽ ആരംഭിക്കും. രജിസ്‌ട്രേഷനും ആരംഭിച്ചു.
കണ്ണിൽച്ചോരയില്ലാതെ സപ്ലൈകോ
പി.ആർ.എസ് വായ്പയായി എസ്.ബി.ഐ, കാനറാ ബാങ്കുകൾ മുഖേനയാണ് പണം വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ ബാങ്കുകളെ ഒഴിവാക്കി നേരിട്ട് പണം വിതരണം ചെയ്യാൻ ആലോചിച്ചിരുന്നു. പണം ബാങ്കുകൾക്കു നൽകുന്ന കാര്യത്തിൽ സപ്ലൈകോ തുടരുന്ന അലംഭാവമാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് കർഷകർ പറയുന്നു. മഴ ശക്തമായിരുന്നെങ്കിലും വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഇത്തവണ കാര്യമായി ബാധിച്ചില്ല. മോശമല്ലാത്ത വിളവും ലഭിച്ചു. അവസാന ഘട്ടങ്ങളിൽ കൊയ്ത്ത് പൂർത്തിയായവർക്കാണ് മഴ ചെറിയതോതിൽ തിരിച്ചടിയായത്.
''ഫണ്ടില്ലെന്ന മറുപടി കേട്ടു നെൽകർഷകർ മടുത്തു. ഇങ്ങനെയെങ്കിൽ കൃഷി ഉപേക്ഷിക്കുകയേ മാർഗമുള്ളൂ.
രാജപ്പൻ, നെൽകർഷകൻ
4970 കർഷകരിൽ നിന്നായി സംഭരിച്ചത് : 14462.63 ടൺ നെൽ
കണ്ണീർപ്പാൽ ചുരന്ന്
ഉത്പാദന ചെലവിന് അനുസരിച്ച് വില ലഭിക്കാത്ത സാഹചര്യത്തിൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ് റബർ കർഷകർ. ഒരു കിലോ റബർ ഉത്പാദിക്കാൻ 200 രൂപ ചെലവാകും. കാലാവധി കഴിഞ്ഞ് വെട്ടുന്ന റബർമരങ്ങളിൽ 50 ശതമാനം കർഷകനും 50 ശതമാനം ടാപ്പിംഗ് തൊഴിലാളികൾക്കും എന്ന കരാർ വ്യവസ്ഥയാണ് ഭൂരിഭാഗം ഇടങ്ങളിലും. തുടർച്ചയായുള്ള വിലയിടവിൽ നട്ടം തിരിഞ്ഞവർ പൈനാപ്പിൾ, കപ്പ, കമുക് കൃഷികളിലേക്ക് തിരിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |