
കോട്ടയം: കനത്ത ചൂടിലേയ്ക്ക് നാടുനീങ്ങുമ്പോൾ കാട്ടുതീയെ പ്രതിരോധിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുകയുംജനങ്ങൾക്ക് ബോധവത്കരണം നൽകുകയുമാണ് വനംവകുപ്പ്.തീപടർന്നാൽ ഫയർഫോഴ്സുമായി യോജിച്ച് പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്. പൊന്തൻപുഴ, കോരുത്തോട് മേഖലകളാണ് കാട്ടുതീ ഭീഷണിപ്രദേശങ്ങൾ. മുൻ വർഷങ്ങളിൽ ദിവസങ്ങളോളം ഈ പ്രദേശങ്ങളിൽ തീപടർന്നിരുന്നു. മരങ്ങൾക്കൊപ്പം നിരവധി പക്ഷി മൃഗാദികളും തീയിൽ എരിഞ്ഞൊടുങ്ങി. വനപ്രദേശങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, വനമേഖലയിൽ താമസിക്കുന്ന വീടുകളിൽ നോട്ടീസ് വിതരണം, കരിയിലകൾ തെളിച്ചും കത്തിച്ചും കളഞ്ഞ് ഫയർ ലൈൻ സ്ഥാപിക്കൽ, വാച്ചർമാരെ നിയമിക്കൽ, പോസ്റ്റർ പ്രചരണം തുടങ്ങിയവയാണ് ആരംഭിച്ചത്. തീ വേഗം അണയ്ക്കാൻ വെള്ളമെത്തിക്കാനുള്ള സംവിധാനവും ഏർപ്പാടാക്കിയിട്ടുണ്ട്. എരുമേലി റേഞ്ചിന് കീഴിലുള്ള വണ്ടംപതാൽ, പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിന് കീഴിൽ താത്കാലിക വാച്ചർമാരെ നിയമിച്ചിട്ടുണ്ട്. 3 മുതൽ 10 വരെ പേരടങ്ങുന്ന ഫയർടീമായാണ് ഇവരുടെ പ്രവർത്തനം. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ നിശ്ചയിച്ച സ്ഥലങ്ങളിൽ റോന്ത് ചുറ്റും. രാത്രികാലങ്ങളിൽ എതു സമയത്ത് വിളിച്ചാലും എത്തിച്ചേരാൻ സാധിക്കുന്നവരെയാണ് വാച്ചർമാരായി നിയമിച്ചിരിക്കുന്നത്.
മുൻകരുതൽ ഇങ്ങനെ
ബോധവത്കരണ ക്ലാസുകൾ
വാച്ചർമാരെ നിയമിക്കൽ
ഫയർ ലൈൻ സ്ഥാപിക്കൽ
പോസ്റ്റർ പ്രചരണം
'' കാട്ടുതീ തടയാനുള്ള ബോധവത്കരണ ക്ലാസുകൾ നടക്കുന്നുണ്ട്. ഫയർലൈനുകൾ തെളിച്ചുകൊണ്ടിരിക്കുകയാണ്''
വനംവകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |