
കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്ന് 2.4 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ 29 ജീവനക്കാരിൽ നിന്നു തുക ഈടാക്കണമെന്ന തദ്ദേശവകുപ്പ് ഡയറക്ടറേറ്റിലെ ഫിനാൻസ് മാനേജ്മെന്റ് ആൻഡ് ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ ശുപാർശക്കെതിരെ പ്രതിഷേധമുയരുന്നു. തട്ടിപ്പ് നടന്ന കാലയളവായ 47 മാസം കോട്ടയം നഗരസഭയിൽ ജോലി ചെയ്ത ഒമ്പതു സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ജീവനക്കാരിൽ നിന്നു സാമ്പത്തികബാദ്ധ്യത കണക്കാക്കി 18 ശതമാനം പിഴപ്പലിശ സഹിതം ഈടാക്കാനാണ് നിർദേശം. കൂടുതൽ തട്ടിപ്പു നടന്നതായി ഇനിയും കണ്ടെത്തിയാൽ ആ തുകയും ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും. സെക്രട്ടറിമാർക്ക് പുറമേ അവരുടെ പി.എ, ക്ലാർക്ക് / അക്കൗണ്ടൻ്റ്, സൂപ്രണ്ട് എന്നിവരിൽ നിന്നാണ് തുക ഈടാക്കുക. കോട്ടയം നഗരസഭയിൽ ക്ലാർക്കായിരുന്ന അഖിൽ സി.വർഗീസാണ് പെൻഷൻ ഫണ്ടിൽ നിന്ന് അമ്മ പി.ശ്യാമളയുടെ അക്കൗണ്ടിലേക്ക് പണം മാറ്റി 2.4 കോടിയുടെ തട്ടിപ്പു നടത്തിയത്. ഇയാൾ മാസങ്ങളായി ഒളിവിലാണ്. രക്ഷപ്പെടാൻ സഹപ്രവർത്തകരുടെ സഹായം ലഭിച്ചിരുന്നു. വിവിധ ഏജൻസികൾ അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. ഇയാളെ രക്ഷപ്പെടുത്തിയെന്ന് ഇടതു വലതു യൂണിയനുകൾ ഇപ്പോഴും പരസ്പരം പഴിചാരുകയാണ്.
സമരത്തിരത്തിനൊരുങ്ങി ജീവനക്കാർ
അഖിൽ സി വർഗീസ് 2.4 കോടി രൂപ തട്ടിപ്പു നടത്തിയതിന് തങ്ങളുടെ ശമ്പളത്തിൽ നിന്ന് തുക ഈടാക്കാൻ വകുപ്പില്ലെന്നും തദ്ദേശ വകുപ്പ് അധികൃതരുടെ ശുപാർശയിൽ ഇങ്ങനെയൊരു നിർദ്ദേശമില്ലെന്നുമാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്. ഇതിനെതിരെ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് ജീവനക്കാർ. അതേസമയം ക്രമക്കേട് കണ്ടെത്തുന്നതിൽ വീഴ്ചവരുത്തിയ നഗരസഭയിലെ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ശുപാർശയുണ്ട്. സംഭവത്തിൽ നഗരസഭാ ഡപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെ 4 പേരെ നേരത്തേ തദ്ദേശവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
പുതിയ വിവാദം
നഗരസഭയിലെ 211 കോടി രൂപ കാണാനില്ലെന്ന ഓഡിറ്റ് റിപ്പോർട്ടിനെ ചൊല്ലി ഇരുമുന്നണികളും പരസ്പരം പഴിചാരി രംഗത്തെത്തിയതോടെ പുതിയ വിവാദം പുകയുകയാണ്. ഈ വിഷയം ചർച്ച ചെയ്യാൻ നാളെ അടിയന്തര നഗരസഭാ കൗൺസിൽ ചേരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |