SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

ജില്ലയിൽ തീപിടിത്തമേറുന്നു.... കത്തുന്ന ചൂടിൽ ഓടി  തളർന്ന് ഫയർഫോഴ്സ്

fire

കോട്ടയം : വേനൽച്ചൂടിൽ നാടെങ്ങും ചുട്ടുപൊള്ളുന്നതിനൊപ്പം തീപിടിത്തവും വ്യാപകമായതോടെ നെട്ടോട്ടമോടി ഫയർഫോഴ്സ്. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതും, വെള്ളത്തിന്റെ ലഭ്യതക്കുറവും, വാഹനങ്ങൾ എത്തിച്ചേരാത്ത സ്ഥലങ്ങളിൽ തീഅണയ്ക്കുന്നതിനുള്ള പ്രയാസവുമാണ് പ്രധാന വെല്ലുവിളി. ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തതിനാൽ ഒന്നോ രണ്ടോ കാളുകൾ ഒരുമിച്ചുവന്നാൽ സ്ഥലത്തെത്താൻ നിർവാഹമില്ല. 18 ഡ്രൈവർമാരുടെ കുറവുണ്ട്. രാവിലെ 8.45ന് കയറി പിറ്റേന്ന് രാവിലെ 8.45ന് ഇറങ്ങുന്ന രീതിയിലാണ് ഒരാളുടെ ഷിഫ്റ്റ്. പിറ്റേന്ന് അവധിയായിരിക്കും. ഇതിനിടെ ആരെങ്കിലും ലീവോ ഓഫോ എടുത്താൽ അടിമുടി താളംതെറ്റും. ചപ്പുചവറുകളിൽ നിന്ന് തീപടരുകയും പുല്ലിന് തീ പിടിക്കുന്നതും പതിവായി. തരിശുപാടങ്ങൾ, പുരയിടങ്ങൾ, ഫാക്ടറികൾ, പൊതു ഇടങ്ങൾ, ഇലക്ട്രിക് പോസ്റ്റ് തുടങ്ങിയവയിലെല്ലാം തീപിടിത്തം വ്യാപകമാകുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ 60 ലേറെ വിളികളാണ് എത്തിയത്. വരുംമാസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ സിവിൽ ഡിഫൻസ് വോളണ്ടിയേഴ്‌സും സജ്ജമാണ്. കോട്ടയം നിലയത്തിൽ 5 യൂണിറ്റുകളാണുള്ളത്. എമർജൻസി വാഹനങ്ങൾ രണ്ട്, സ്‌കൂബ, ആംബുലൻസ്, വാട്ടർ മിസ്റ്റ് മോട്ടോർ ബൈക്ക് എന്നിങ്ങനെയാണ് സൗകര്യങ്ങൾ.

കൂടുതൽ സേനാ കേന്ദ്രങ്ങൾ വേണം

കോട്ടയം, പാമ്പാടി, കടുത്തുരുത്തി, ഈരാറ്റുപേട്ട, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പാലാ എന്നിവിടങ്ങളിലാണ് അഗ്നിശമന സേനാ നിലയങ്ങളുള്ളത്. കറുകച്ചാൽ, കുമരകം, മുണ്ടക്കയം, ഏറ്റുമാനൂർ, എരുമേലി, ചിങ്ങവനം എന്നിവിടങ്ങളിൽ സേനാ കേന്ദ്രങ്ങൾ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കുമരകം, എരുമേലി എന്നിവിടങ്ങളിൽ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ വൈകുകയാണ്. ഇതുവരെ സ്ഥലം കണ്ടെത്താനായിട്ടില്ല.
കുമരകത്ത് കായൽ യാത്രയ്ക്കിടെ അപകടങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് കോട്ടയത്ത് നിന്ന് വേണം എത്താൻ. ഇത് രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പകൽ സമയത്ത് ചൂട് കൂടുതലായതിനാൽ ചെറിയൊരു തീപ്പൊരി മതിയാകും ചവറുകളും കരിയിലകളുമെല്ലാം ആളിക്കത്താൻ. നട്ടുച്ചയ്ക്കും മറ്രും ചപ്പുചവറുകളും മറ്റും കൂട്ടിയിട്ട് കത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ ഒരു ബക്കറ്റ് വെള്ളം കൂടി കരുതുന്നത് നല്ലതാണ്.


''വാഹനങ്ങളും സേനാ അംഗങ്ങളും പ്രതിരോധ നടപടികൾക്കായി സജ്ജമാണ്. ഉൾപ്രദേശങ്ങളിലും, തരിശുനിലങ്ങളിലും തീപിടിത്തമുണ്ടാകുന്നതാണ് വെല്ലുവിളി. ജനങ്ങൾ കരുതൽ സ്വീകരിച്ചാൽ തീപിടിത്തം ഒഴിവാക്കാം.

-(ഫയർഫോഴ്സ് ഉദ്യോഗസ്ഥർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL