കോട്ടയം: ഫണ്ട് അനുവദിച്ചു. പക്ഷേ റോഡ് നിർമ്മാണം എങ്ങുമെത്തിയില്ല.... അതിരമ്പുഴ വേലംകുളം നടയ്ക്കപ്പാലം റോഡ് എന്ന് നന്നാക്കി സഞ്ചാരയോഗ്യമാക്കുമെന്നാണ് പ്രദേശവാസികളുടെ ചോദ്യം. വേലംകുളം നടയ്ക്കപ്പാലം റോഡ് നന്നാക്കുന്നതിനായി 2022, 2023 പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ എം.എൽ.എ ഫണ്ട് മന്ത്രി വി.എൻ വാസവൻ അനുവദിച്ചെങ്കിലും നാളിതുവരെയായിട്ടും ടാറിംഗ് നടപടികൾ ആരംഭിച്ചിട്ടില്ല.
ആം ആദ്മി പാർട്ടി കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ധർണ നടത്തിയിരുന്നു. ഇതേതുടർന്ന് റോഡിലെ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പണികൾ പൂർത്തീകരിച്ചു. മാസങ്ങൾ പിന്നിട്ടിട്ടും റോഡ് നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ മന്ത്രി വി.എൻ വാസവന് നിവേദനം നൽകാനാണ് തീരുമാനം.
പ്രതിഷേധയോഗം ചേർന്നു
റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പ്രതിഷേധയോഗം ചേർന്നു. നിയോജകമണ്ഡലം സെക്രട്ടറി സജി ഇരുപ്പുമല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സുജിത് കുമാർ, ലൂസി തോമസ്, മിനി ബെന്നി, പി.ജെ ജോസഫ് പാക്കുമല, ജസ്റ്റിൻ മാത്യു, പി.കെ രാജൻ, ത്രേസ്യാമ അലക്സ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |