SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

മൊബൈൽ വെളിച്ചത്തിൽ ഡ്രസ് ചെയ്ത സംഭവം: നേരറിയാൻ ആരോഗ്യ വകുപ്പ്

v

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ തലയ്ക്ക് മുറിവ് പറ്റി വന്ന പതിനൊന്നുകാരന് മൊബൈൽ വെളിച്ചത്തിൽ ഡോക്ടർ സ്റ്റിച്ചിട്ട സംഭവത്തിൽ വിവാദം മുറുകുന്നു. പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് നിജസ്ഥിതി അന്വേഷിച്ചു നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉത്തരവിട്ടത്. കുറ്റകരമായ അനാസ്ഥ ഉണ്ടായെന്ന് തെളിഞ്ഞാൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ.വാസവനും വ്യക്തമാക്കി.

വൈക്കം ചെമ്പ് കുമ്പേൽ സുജിത്ത് - സുരഭി ദമ്പതികളുടെ മകൻ ദേവതീർഥിനെ വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് വൈക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ മകന്റെ മുറിവ് ഡ്രസ് ചെയ്തതും സ്റ്റിച്ചിട്ടതും മൊബെൽ വെളിച്ചത്തിലായിരുന്നെന്നണ് മാതാപിതാക്കളുടെ പരാതി.

വൈദ്യുതി മുടക്കം സ്വിച്ച് തകരാർ കാരണമെന്ന്

ഓട്ടോമാറ്റിക് ചേഞ്ച് ഓവർ സ്വിച്ചിനുണ്ടായ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങിയതെന്നും ഡീസൽ ചെലവുമായും ഡീസൽ ക്ഷാമവുമായും ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ.ട്വിങ്കിൾ പ്രഭാകരൻ പറഞ്ഞു. ആശുപത്രിയിൽ ജനറേറ്റർ ഇല്ലേയെന്ന് ചോദിച്ചപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ഡീസൽ ഇല്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ പറഞ്ഞെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ മൂന്നു വരെയും വൈകിട്ട് 6.45 മുതൽ 7.30വരെയും വൈദ്യുതി മുടക്കത്തിന് കാരണം അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാനായിരുന്നു. വൈക്കത്തെ സ്വാകാര്യ ബസ് സ്റ്റാൻഡിനു സമീപത്തെ പോസ്റ്റ് മാറ്റുന്നതിനാൽ കെ.എസ്.ഇ.ബി ശനിയാഴ്ച രാവിലെ ഒൻപതു മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഈ സമയം ജനറേറ്റർ പ്രവർത്തിപ്പിച്ച് ആശുപത്രിയിൽ വൈദ്യുതി ഉറപ്പാക്കിയിരുന്നു.2.30ന് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചപ്പോൾ ആശുപത്രിയിൽ ജനറേറ്ററിൽനിന്ന് വൈദ്യുതി ലൈൻ സാധാരണ നിലയിലേക്ക് മാറ്റുന്ന ഓട്ടോമാറ്റിക് ചേഞ്ച് ഓവർ സ്വിച്ചിനു തകരാറുണ്ടായി. ഇതോടെയാണ് ആദ്യഘട്ട വൈദ്യുതി മുടക്കം ഉണ്ടായത്. തുടർന്ന് അരമണിക്കൂറിനകം ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ലഭ്യമാക്കി. പൊതുമരാമത്ത് വകുപ്പ് എൻജിനീയറുടെ നിർദ്ദേശപ്രകാരം ബന്ധപ്പെട്ട കമ്പനിയെ വിവരം ധരിപ്പിച്ചു. വൈകിട്ട് 6.30ന് തകരാർ പരിഹരിക്കാൻ സാങ്കേതിക വിദഗ്ദ്ധർ എത്തി. തകരാർ പരിഹരിക്കാൻ ജനറേറ്ററിൽ നിന്നുള്ളതടക്കം വൈദ്യുതി പൂർണമായും വിച്ഛേദിക്കേണ്ടതുണ്ടായിരുന്നു.
വൈദ്യുതി വിച്‌ഛേദിക്കുന്ന വിവരം ആശുപത്രിയിലെ അനൗൺസ്‌മെന്റ് സംവിധാനം ഉപയോഗിച്ച് രോഗികളെയും കൂട്ടിരിപ്പുകാരെയും അറിയിച്ചു. യു.പി.എസ് വഴി അത്യാഹിത വിഭാഗം, നിരീക്ഷണ മുറികൾ എന്നിവയിൽ നേരിട്ട് വൈദ്യുതി ഉറപ്പാക്കുകയും ചെയ്തു. - സൂപ്രണ്ട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VAIKOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL