വൈക്കം : വേമ്പനാട്ടുകായലിൽ വേലിയേറ്റം ശക്തമായതോടെ ഉദയനാപുരം പഞ്ചായത്തിലെ 14, 17 വാർഡുകളിൽപ്പെട്ട നൂറുകണക്കിന് വീടുകളിൽ വെള്ളംകയറി. മൂവാറ്റുപുഴയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർക്കാണ് ദുരിതം. ഈ മേഖലയിലെ കൃഷിവിളകളും നശിച്ചു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ പൂർണമായും താഴ്ത്തിയതോടെയാണ് പഞ്ചായത്തിന്റെ പടിഞ്ഞാറൻ കായലോര മേഖലകളിൽ ഓരുവെള്ള ഭീഷണി തുടങ്ങിയത്. യമഹ പിടിപ്പിച്ച വളളങ്ങൾ തലങ്ങും വിലങ്ങും പായുന്നതു മൂലം ഓളം തല്ലി തീരങ്ങളിലേക്ക് ഓരുവെളളം തള്ളിക്കയറുകയാണ്. പച്ചക്കറി - മത്സ്യക്കൃഷിയും നഷ്ടത്തിലായി.
കരിങ്കൽച്ചിറ കെട്ടി സംരക്ഷണം തീർക്കണം
കാലാകാലങ്ങൾ ഉണ്ടാകുന്ന ഓരുവെളള ഭീഷണിയിൽ നിന്ന് സംരക്ഷണം നൽകാൻ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കരിങ്കൽച്ചിറ കെട്ടി സംരക്ഷണ വലയം തീർക്കണമെന്നാവശ്യം. ബണ്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നത് വരെ നാശനഷ്ടങ്ങൾ നേരിടേണ്ട സ്ഥിതിയാണ്. പുഴയോരങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന വിവിധയിനം കൃഷികളുടെ സംരക്ഷണത്തിന് നടപടി ഉണ്ടാകണമെന്ന് തീരദേശസംരക്ഷണ സമിതി സർക്കാരിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
മൂവാറ്റുപുഴയാറിന്റെ തീരങ്ങളിൽ കൃഷി ചെയ്ത കർഷകർക്ക് വൻ നഷ്ടമാണ് നേരിടേണ്ടി വന്നത്. ഏറെ പ്രതിസന്ധികൾ അതിജീവിച്ചാണ് പലരും കൃഷിയിറക്കിയത്. നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടിയുണ്ടാകണം.
ഡി. സത്യവ്രതൻ, പുഴയോര കർഷക സമിതി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |